ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജിയേയും തെരഞ്ഞെടുത്തു

single-img
5 February 2017

 

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജിയേയും തെരഞ്ഞെടുത്തു. എറണാകുളത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ദേശീയ പ്രസിഡന്റായ എം.ബി രാജേഷ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

ബല്‍ബീര്‍ പരാശര്‍ ആണ് ട്രഷറര്‍. അവോയ് മുഖര്‍ജി നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് . അഞ്ച് വനിതകളെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
സംഘടനയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പ്രീതി ശേഖറിനെ അഖിലേന്ത്യാ പ്രസിഡന്റാക്കാനുള്ള ആലോചന നടന്നത്. കമ്മിറ്റികളില്‍ 20 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിക്ക് ഈ സമ്മേളനം അംഗീകാരം നല്‍കുന്നുണ്ട്.

എ എന്‍ ഷംസീര്‍ (വൈസ് പ്രസിഡന്റ്), എം സ്വരാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരേയും കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനം തെരഞ്ഞെടുത്തു. 83 അംഗ കേന്ദ്രകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ഇതില്‍ ആറ് പേര്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളാണ്. സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമായ മുഹമ്മദ് റിയാസ് നിലവില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്.

2009 ല്‍ കോഴിക്കോട് നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിരുന്നു.ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്‌സി ബിരുദ ധാരിയാണ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗമാണ്.പു­തിയ ട്രഷററായി ­ തെരഞ്ഞെടുക്കപ്പെട്ട ബല്‍ബീര്‍ പരാശര്‍ ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റാണ്. ഞായറാഴ്ച വൈകീട്ട് മറൈന്‍ ഡ്രൈവിലെ ഫിഡെല്‍ കാസ്‌ട്രോ നഗറില്‍ നടക്കുന്ന വന്‍ യുവജനറാലിയോടെ സമ്മേളനം സമാപിക്കും. മൂന്നു മണിക്ക് വിവിധ കേന്ദ്രങ്ങളില്‍നിന്ന് പ്രകടനം ആരംഭിക്കും. അഞ്ച് മണിക്ക് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും