പഠിപ്പുമുടക്ക് സമരത്തിന്റെ മറവില്‍ പിഎസ്‌സി കോച്ചിങ് സെന്ററിന് നേരെ ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വ്യാപക ആക്രമണം, ആക്രമണത്തിന് പിന്നില്‍ സംഭവനതുക നല്‍കാത്തതിലുള്ള വൈരാഗ്യമാണെന്ന്് ആരോപണം

single-img
4 February 2017

കോട്ടയം: ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി എ.ബി.വി.പി ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ മറവില്‍ വൈക്കം ടൗണില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പരിശീലനകേന്ദ്രത്തിന് നേരെ ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അക്രമം.

ഗര്‍ഭിണികളുള്‍പ്പെടെയുള്ളവര്‍ പരിശീലനത്തിലെത്തുന്ന കേന്ദ്രത്തിലായിരുന്നു അതിക്രമം. സ്ത്രീകളോടടക്കം പ്രവര്‍ത്തകര്‍ മടങ്ങിപ്പോകാന്‍ ആക്രോശിക്കുന്നതും കസേരകള്‍ ചവിട്ടിയെറിയുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സ്ഥാപനത്തില്‍ ഒരു മണിക്കൂറിലധികം പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് സ്ഥാപനമുടമ പറയുന്നു.

സംഭവം നടന്നുകൊണ്ടിരിക്കെ തന്നെ സ്ഥലം എസ.ഐയെ വിവരമറിയിച്ചുവെങ്കിലും ഒരു നടപടിയും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ ചേര്‍ന്നാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയയെന്ന്് സ്ഥാപനമുടമയും മുന്‍ എ.ബി.വി.പി നേതാവ് കൂടിയായിരുന്ന മനു പറഞ്ഞു.

അടുത്തിടെ നടന്ന ബി.ജെ.പിയുടെ സംസ്ഥാന ജാഥയ്ക്ക് ഇവര്‍ വന്‍ തുക സംഭാവനയായി ആവശ്യപ്പെട്ടിരുന്നെന്നും ചോദിച്ച തുക നല്‍കാത്തതിലുള്ള വൈരാഗ്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. വിഷയത്തില്‍ വൈക്കം എസ് ഐ ഷാഹീനുമായി ഇവാര്‍ത്ത ബന്ധപ്പെട്ടപ്പോള്‍ ഒഴിവ് കിഴിവ് പറഞ്ഞ ഒഴിയുകയായിരുന്നു.