സര്‍ക്കാരിന് ജേക്കബ് തോമസില്‍ പൂര്‍ണവിശ്വാസമാണെന്ന് മുഖ്യമന്ത്രി, അഴിമതി ആരു കാണിച്ചാലും സംരക്ഷിക്കുകയില്ലെന്നും മുഖ്യമന്ത്രി

single-img
4 February 2017


തിരുവനന്തപുരം: തുറമുഖ വകുപ്പിലെ ക്രമക്കേടില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങളില്‍ ചിലത് ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ആര് കാണിച്ചാലും സംരക്ഷിക്കില്ല, നടപടിയുണ്ടാകും. എന്നാല്‍ ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണവിശ്വാസമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ നിയമോപദേശം തേടിയത് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയത് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താനാണെന്നും അതേസമയം, അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതി മൂടിവെക്കുകയെന്ന സമീപനം സര്‍ക്കാരിനില്ല. വിജിലന്‍സ് ആണ് ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഫലപ്രദമായ ഏജന്‍സി. വിജിലന്‍സ് അന്വേഷിച്ച് നടപടി പൂര്‍ത്തിയാക്കിയ കേസുകളില്‍ വീണ്ടും അന്വേഷണം വരുമ്പോള്‍ അതിന്റെ നിയമവശങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അന്വേഷണ ആവശ്യത്തിന്റെ നിയമവശമടക്കം ആലോചിക്കണം. അതാണ് നിയമോപദേശം തേടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതില്‍ 15 കോടി രൂപ നഷ്ടം വരുത്തിയെന്ന ധനവകുപ്പ് സെക്രട്ടറി കെഎം എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്. ജേക്കബ് തോമസിനെതിരെ ഉന്നതതല അന്വേഷണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. മുഖ്യമന്ത്രിയ്ക്കാണ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് ശുപാര്‍ശ നല്‍കിയത്.

വിജിലന്‍സ് പരിശോധന കഴിഞ്ഞ കേസില്‍ ധനകാര്യപരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിന് എത്രത്തോളം സാംഗത്യം ഉണ്ടെന്നത് പരിശോധിക്കുന്നതിനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ അന്വേഷണമായതിനാല്‍ അതിന് തടസ്സമുണ്ടാകിരിക്കാന്‍ തക്ക സംവിധാനം വേണം. ആഗോള ടെന്‍ഡര്‍ വിളിക്കാതെ വിദേശ കമ്പനിയില്‍ നിന്ന് ഡ്രജര്‍ വാങ്ങാന്‍ നടത്തിയ ഇടപാടില്‍ 15 കോടി രൂപ നഷ്ടം വന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി കേസ് അന്വേഷിക്കണം. ജേക്കബ് തോമസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ എബ്രഹാം ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തില്‍ സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തണമെന്നും കെഎം എബ്രഹാം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.