കരുളായി വനത്തില്‍ ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കും; വയനാട്,മലപ്പുറം ജില്ലകളില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

single-img
4 February 2017

 
മലപ്പുറം:വയനാട്‌,മലപ്പുറം ജില്ലകളില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നിലമ്പൂരിലെ വെടിവെപ്പിന് ശേഷവും തങ്ങള്‍ ശക്തരാണെന്ന് ആക്രമണത്തിലൂടെ തെളിയിക്കുകയാണ് ലക്ഷ്യം. പൊലീസിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുളള മാവോയിസ്റ്റ് നേതാവ് അക്ബറിന്റെ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മാവോയിസ്റ്റ് സാന്നിധ്യം നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലപ്പുറം വയനാട് ജില്ലകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഏത് നിമിഷവും മാവോയിസ്റ്റ് ആക്രമണം പ്രതീക്ഷിക്കാമെന്നുമാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.മാവോയിസ്റ്റുകള്‍ ചില വനം ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതായും വിവരമുണ്ട്.തണ്ടര്‍ബോള്‍ട്ട് ദിവസങ്ങളോളമായി ഉള്‍വനത്തില്‍ പരിശോധന നടത്തി വരുന്നുണ്ട്.

കഴിഞ്ഞ ദിവസം മാവോയിസ്റ്റ് അക്ബര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലെ വിവരങ്ങളും പൊലീസിനെ അശങ്കയിലാക്കുന്നുണ്ട്. വനത്തിനുളളിലെ ഏറ്റുമുട്ടല്‍ സംബന്ധിച്ച് പൊലീസ് നല്‍കുന്ന വാദങ്ങളെ പൂര്‍ണ്ണമായും തളളുന്നതാണ് കുറിപ്പ്.കരുളായി വനത്തില്‍ ചിന്തിയ ചോരക്ക് കാലം കണക്ക് ചോദിക്കും എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങുന്ന കുറിപ്പില്‍ പൊലീസിന് നേരെ ആക്രമണം ഉണ്ടാകുമെന്ന വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ സൈനികവത്ക്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. വിപ്ലവം നടക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് 12 പുറമുളള കുറിപ്പ് അവസാനിക്കുന്നത്.