ചൈന പത്ത് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്, വിക്ഷേപിച്ചത് ഡിഎഫ്-5സി മിസൈല്‍

single-img
3 February 2017

 

ബീജിംഗ്: ചൈന പത്ത് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ വെബ്‌സൈറ്റായ വാഷിംഗ്ടണ്‍ ഫ്രീ ബീക്കണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ ചൈനയിലെ മരുഭൂമിയിലേക്കാണ് മിസൈല്‍ വിക്ഷേപിച്ചത്.

ഡിഎഫ്5സി എന്ന മിസൈലാണ് വിക്ഷേപിച്ചത്. ഷാന്‍സി പ്രവിശ്യയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഈ മാസം ആദ്യമാണ് പത്ത് വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് തൊടുത്തു വിടാവുന്ന ആണവായുധങ്ങളുള്ള മിസൈല്‍ പരീക്ഷിച്ചത്. ഈ പരീക്ഷണ വിക്ഷേപണത്തെ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയുടെ കൈവശം 250 പോര്‍മുനകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ പരീക്ഷണത്തോടെ ഇതിലുമേറെ പോര്‍മുനകള്‍ ചൈനയുടെ കൈവശം ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണക്കാക്കുന്നത്. പഴയ ഡിഎഫ്5 മിസൈലുകളില്‍ ചൈന കൂടുതല്‍ പോര്‍മുനകള്‍ ചേര്‍ക്കുന്നതായി നേരത്തേ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായതോടെ അമേരിക്കന്‍ വിദേശ നയത്തിലുണ്ടായ മാറ്റങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെങ്കില്‍ പ്രതിരോധിക്കാനാണ് ചൈനയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. എന്തായാലും ചൈനയുടെ പുതിയ നീക്കം ലോകമാകെ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.