15 ദിവസം മുമ്പ് വാങ്ങിയ പുത്തന്‍ ബുള്ളറ്റ് ഓട്ടത്തിനിടയില്‍ തീപിടിച്ചു, മാറ്റി നല്‍കില്ലെന്ന് ഷോറുമുടമ, ബുള്ളറ്റ് വാങ്ങിയത് കഴക്കൂട്ടം കോണ്‍സെപ്റ്റ് ഷോറൂമില്‍ നിന്നും

single-img
3 February 2017


ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ബുള്ളറ്റിനോടുള്ള മലയാളികളുടെ ഭ്രമം ഇനിയും മാറിയിട്ടില്ല. എന്നാല്‍ വാഹനം വാങ്ങി വഞ്ചിതരാവുന്നവര്‍ ഒരുപാടുണ്ട്. അത്തരത്തില്‍ തിരുവനന്തപുരം സ്വദേശിക്ക് വന്നത് ഇങ്ങനെയായിരുന്നു. വാങ്ങിയിട്ട് 15 ദിവസം മാത്രമായ പുത്തന്‍ ബുള്ളറ്റ് ബൈക്ക് ഓട്ടത്തിനിടയില്‍ തീ പിടിക്കുകയായിരുന്നു.

പാറശ്ശാല ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ നായരുടെ ബൈക്കാണ് തീപിടിച്ചത്. രജിസ്‌ട്രേഷന്‍ പോലും എടുക്കുന്നതിന് മുന്‍പ് റോയൽ എൻഫീൽഡിന്റെ സ്റ്റാൻഡേർഡ് മോഡൽ ബുള്ളറ്റിന് തീപിടിച്ചത് വിശ്വസിക്കാനാവാതിരിക്കുകയാണ് നാട്ടുകാര്‍.

തിരുവനന്തപുരം ഇടപ്പഴഞ്ഞി ജങ്ഷനില്‍ നിന്നും ജഗതിയിലേക്ക് പോയ ബുള്ളറ്റ് ജഗതി ജങ്ഷനില്‍ വച്ച് തീപിടിക്കുകയായിരുന്നു. തീപടര്‍ന്നു പിടിക്കുന്നത് കണ്ടു വേഗം ചാടി ഇറങ്ങിയതുകൊണ്ട് ബൈക്ക് ഉടമ തലനാരിഴയ്ക്ക് രക്ഷപ്പെടുക ആയിരുന്നു.ജനുവരി 16 ന് കഴക്കൂട്ടം കോണ്‍സെപ്റ്റ് ഷോറൂമില്‍ നിന്നാണ് 500 സിസി സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റ് വാങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ഷോറൂമുമായി ബന്ധപ്പെട്ടപ്പോള്‍ പുതിയ വാഹനം നല്‍കാനാവില്ലെന്നും മെയ്ന്റനൻസ് മാത്രം നല്‍കാം എന്നുമായിരുന്നു പറഞ്ഞത്. ഇതേ തുടര്‍ന്ന് പരാതിക്കാരാന്‍ ഉപഭോക്തൃ ഫോറവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഇവാര്‍ത്തയോട് പറഞ്ഞു.

സമീപ കാലങ്ങളിലായി ബുള്ളറ്റ് ബൈക്കുകള്‍ ധാരാളമായി കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവം അന്വേഷിക്കാനായി ഇവാര്‍ത്ത കഴക്കൂട്ടത്തെ ഷോറുമായി ബന്ധപ്പെട്ടപ്പോള്‍ തിരക്ക് കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.