ഇ അഹമ്മദിന്റെ മരണ വിവരം മറച്ചുവെച്ചെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

single-img
3 February 2017

ന്യൂഡല്‍ഹി: അന്തരിച്ച മുസ്ലീം ലീഗ് നേതാവും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണ വിവരം കേന്ദ്ര സര്‍ക്കാര്‍ മറച്ചുവെച്ചെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ആര്‍എസ്പി അംഗം എന്‍.കെ പ്രേമചന്ദ്രനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കില്ലെന്നും ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രേമചന്ദ്രന്‍ നോട്ടീസ് നല്‍കിയത്.

ഇ. അഹമ്മദിന്റെ മരണവിവരം ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ബജറ്റ് അവതരണ തലേന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായപ്പോള്‍ അഹമ്മദിനെ വെന്റിലേറ്ററിലാക്കി. ബന്ധുക്കളെപോലും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് സമ്മതിക്കാത്തതിന് പിന്നിലും ദുരൂഹതയുണ്ടെന്നായിരുന്നു ആരോപണം.

ചൊവ്വാഴ്ച രാത്രി വിദേശത്തു നിന്നും എത്തിയ അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. ഒടുവില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് മക്കള്‍ക്ക് കാണാന്‍ സാധിച്ചത്.

രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, സീതാറാം യെച്ചൂരി തുടങ്ങിയവരും സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഡല്‍ഹിയില്‍ നടന്ന അനുശോചനയോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇ. അഹമ്മദിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കുടുംബാംഗങ്ങള്‍ ആശുപത്രിയിലെ ദുരനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.