ലോ അക്കാദമി സമരം; സിപിഐയുടെ പിന്തുണ തേടി ലക്ഷ്മി നായര്‍ കാനം രാജേന്ദ്രനെ കണ്ടു

single-img
3 February 2017

 

 

 

തിരുവനന്തപുരം:ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും പിതാവ് നാരായണന്‍ നായരും സിപിഐ ആസ്ഥാനത്ത് എത്തി സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. സമര രംഗത്തു നിന്നും സിപിഐ സംഘടനയായ എഐഎസ്എഫിനോട് പിന്മാറാന്‍ ലക്ഷ്മി നായര്‍ കാനം രാജേന്ദ്രനോട് ആവശ്യപ്പെട്ടു.ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി ഇന്ന് ചര്‍ച്ച നടക്കും.ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറ്റിയ ഡയറക്ടര്‍ ബോര്‍ഡിന്റെ മിനുട്ട്‌സ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് ഹാജരാക്കിയാല്‍ സമരം തീരാനുള്ള സാധ്യത കൂടുതലാണ്.

തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടു പോകാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പരിഹാരമുണ്ടാകുന്നതു വരെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റേയും ബിജെപി നേതാവ് വി വി രാജേഷിന്റേയും തീരുമാനം.

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കണം, അക്കാദമിയുടെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് കേസെടുത്ത സാഹചര്യത്തില്‍ ലക്ഷ്മി നായരെ അറസ്റ്റുചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ മുരളീധരന്‍ ഉന്നയിക്കുന്നുണ്ട്. നേരത്തെ ലോ അക്കാദമിക്ക് മുന്‍പില്‍ നിരാഹാര സമരം അനുഷ്ടിച്ച ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി വി മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തിലായിരുന്നു വി വി രാജേഷ് സമരം ഏറ്റെടുത്തത്.

ലക്ഷ്മി നായര്‍ക്ക് കാനം രാജേന്ദ്രന്‍ നല്‍കിയ മറുപടി ചര്‍ച്ച നടത്തേണ്ടത് തന്നോടല്ല കുട്ടികളോടാണ് എന്നായിരുന്നു.എസ്എഫ്‌ഐ സമരത്തില്‍ നിന്നും പിന്മാറിയെങ്കിലും ഇടതുപക്ഷത്തെ എഐഎസ്എഫും എഐവൈഎഫും സമരം തുടരുകയാണ്.