ലോ അക്കാദമി സമരം ; പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ പരിക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി പി വാവയുടെ കണ്ണിന്റെ കാഴ്ച്ച നഷ്ടമായി

single-img
2 February 2017

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകരും പൊലീസും നേര്‍ക്കു നേര്‍ നിന്ന് നടത്തിയ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി പി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടമായി.

ഇന്നലെ നടന്ന സമരത്തിനിടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് കാഴ്ച പോയത്. പി പി വാവയെ കൂടാതെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ പൊലീസിന്റെ വാഹനം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.

അമ്പലമുക്കില്‍ നിന്നാരംഭിച്ച പ്രകടനം വി മുരളീധരന്റെ സമരപന്തലിന് മുന്നിലെത്തിയപ്പോഴാണ് സംഘര്‍ഷാവസ്ഥയിലെത്തിയത്. പ്രവര്‍ത്തകര്‍ ഏറെ നേരം സമര പന്തലില്‍ തുടര്‍ന്നു. ഒടുവില്‍ സമരപന്തലിന് സമീപത്ത് നിന്ന് പിന്‍വാങ്ങിയ പ്രവര്‍ത്തകര്‍ പേരൂര്‍ക്കട ജംഗ്ഷനില്‍ തമ്പടിച്ച് പൊലീസിന് നേരെ തിരിയുകയായിരുന്നു.

ഗ്രനേഡും ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉള്‍പ്പെടെ ഉപയോഗിച്ചാണ് പൊലീസ് പ്രവര്‍ത്തകരെ പ്രതിരോധിച്ചത്. ഇതിനിടെയായിരുന്നു പി പി വാവയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.