അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു,കേസ് അട്ടിമറിക്കപ്പെടുന്നെന്ന് സംശയം; വിഎസ് അച്യുതാന്ദന്‍

single-img
2 February 2017

 

 

തിരുവനന്തപുരം: അഴിമതി കേസുകളില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ അടിയന്തര നടപടി എടുക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറ്റൂര്‍, മൈക്രോ ഫിനാന്‍സ്, ടൈറ്റാനിയം, ബാര്‍കോഴക്കേസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് വകുപ്പ് മേധാവിയായ വിജിലന്‍സിനെതിരെയുളള വിഎസിന്റെ വിമര്‍ശനങ്ങള്‍.

വിജിലന്‍സ് കോടതിയും അടുത്തിടെ ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങളെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ വിഎസ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളും. വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ മറ്റൊന്നും ഈ കേസില്‍ നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഉന്നയിക്കപ്പെടുന്ന പരാതികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷവും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാത്തത് ദുരൂഹമാണ്. വിദഗ്ധ സംഘത്തെ ഇത്തരം കേസുകള്‍ അടിയന്തരമായി ഏല്‍പ്പിക്കണമെന്നും വിഎസ് പറഞ്ഞു.