ഇ.അഹമ്മദ് അന്തരിച്ചു

single-img
1 February 2017

ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ ഇ.അഹമ്മദ് (78) അന്തരിച്ചു. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. പുലർച്ചെ 2.15നാണ് മരണ വിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അഹമ്മദ് കുഴഞ്ഞു വീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും.

മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 12 മണിക്കൂറോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ എട്ട് മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടിനു പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേക്കു പുറപ്പെടും. വൈകീട്ട് കരിപ്പൂര്‍ ഹജ് ഹൗസിലും തുടര്‍ന്നു കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനം. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും.

നേരത്തെ അഹമ്മദിന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നതായി ആരോപണമുയർന്നിരുന്നു. ആശുപത്രിയിൽ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരെ അഹമ്മദിനെ കാണാൻ അനുവദിച്ചില്ല. മക്കൾക്കും അടുത്ത ബന്ധുക്കൾക്കും പോലും ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിൽ പ്രവേശനം നിഷേധിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.