പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോട്ടയത്ത് മുന്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനിയെ ക്ലാസ്സില്‍ പെട്രോളൊഴിച്ച് തീകൊളുത്തി

single-img
1 February 2017


കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ ചുട്ടുകൊല്ലാന്‍ സഹപാഠിയായ യുവാവിന്റെ ശ്രമം. ആര്‍പ്പൂക്കര സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ ( എസ്.എം.ഇ) വിദ്യാര്‍ത്ഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ ലക്ഷ്മിയാണ് ആക്രമണത്തിനിരയായത്. പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ കൊല്ലം സ്വദേശി ആദര്‍ശ് ക്ലാസില്‍ കയറി പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെയും യുവാവിന്റെയും നില ഗുരുതരമാണ്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഴ്‌സിങ് വിദ്യാര്‍ത്ഥികളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പൊള്ളലേറ്റു. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് പോലീസ് വ്യക്തമാക്കിയത്. പെണ്‍കുട്ടിയോട് ആദര്‍ശ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ച പെണ്‍കുട്ടി കായംകുളം സര്‍ക്കിളോഫീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രകോപനമാകാം സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

കോളേജിലെ ഫിസിയോ തെറാപ്പി ക്ലാസില്‍ വെച്ചാണ് സംഭവം. യുവാവ് കാനില്‍ കൊണ്ട് വന്ന പെട്രോള്‍ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ലക്ഷ്മിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ക്ലാസ് മുറി പൊലീസ് സീല്‍ ചെയ്തു.