എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ കോളുകളും ഇന്റര്‍നെറ്റ് ഓഫറുകളും തട്ടിപ്പെന്ന് ജിയോ;തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്നാരോപിച്ച് എയര്‍ടെല്ലിനെതിരെ പരാതി

single-img
30 January 2017

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്നാരോപിച്ച് എയര്‍ടെല്ലിനെതിരെ ജിയോ രംഗത്തെത്തി. എയര്‍ടെല്ലില്‍ നിന്നും വന്‍ പിഴ ഈടാക്കണമെന്ന് ട്രായിയോട് റിലയന്‍സ് ജിയോ ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ പുറത്തിറക്കിയ പരസ്യത്തില്‍ അണ്‍ലിമിറ്റഡ് കോള്‍സും സൗജന്യ ഡാറ്റയും വാഗ്ദാനം ചെയ്തത് ടെലികമ്മ്യൂണിക്കേഷന്‍ നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് ട്രായിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഫെയര്‍ യൂസേജ് പോളിസി ബാധകമാണെന്ന് പറയാതെയാണ് ഫ്രീ അണ്‍ലിമിറ്റഡ് കോള്‍ എന്ന ഓഫര്‍ നല്‍കിയിരിക്കുന്നതെന്നും ജിയോ ചൂണ്ടിക്കാട്ടുന്നു.

345 രൂപയുടെ പ്രീപെയ്ഡ് എസ്.ടി.വിയില്‍ 9000 രൂപ മൂല്യമുള്ള ഡാറ്റ ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കുമെന്നാണ് എയര്‍ടെല്‍ പരസ്യത്തില്‍ പറയുന്നത്. 345 രൂപ പേ ചെയ്താലേ ഡാറ്റ ബെനഫിറ്റ് ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇതിനെ സൗജന്യമെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ജിയോ പറയുന്നു.

എയര്‍ടെല്‍ വാഗ്ദാനം നല്‍കിയതുപോലെ 345 രൂപയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറില്‍ ഫ്രീ കോള്‍ എന്നത് യഥാര്‍ത്ഥത്തില്‍ അണ്‍ലിമിറ്റഡ് അല്ലെന്ന് ജിയോ ചൂണ്ടിക്കാട്ടുന്നു. ദിവസം 300 മിനിട്ടിന് അല്ലെങ്കില്‍ ആഴ്ചയില്‍ 12000 മിനിട്ടിന് ഫെയര്‍ യൂസേജ് പോളിസി ഇതിന് ബാധകമാകുമെന്ന് എയര്‍ടെല്‍ പരസ്യത്തില്‍ സൂചിപ്പിച്ചിട്ടില്ല. ഈ മിനിറ്റിന് അപ്പുറത്തുള്ള വിളികള്‍ക്ക് ചാര്‍ജ് ബാധകമാകുമെന്നതും പരസ്യത്തില്‍പറഞ്ഞിട്ടില്ലെന്ന് ജിയോ ആരോപിക്കുന്നു.

അതിനാല്‍ ഇത്തരത്തിലുള്ള പ്രീപെയ്ഡ് പാക്ക് യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഫ്രീകോള്‍ വാഗ്ദാനം ചെയ്യുന്നില്ല. എയര്‍ടെല്‍ പരസ്യത്തില്‍ ഈ വസ്തുത മറച്ചുവെച്ചിരിക്കുകയാണ്. ചട്ടപ്രകാരം ഇക്കാര്യം പരസ്യത്തില്‍ പരാമര്‍ശിക്കേണ്ടതാണെന്നാണ് ജിയോ ട്രായിക്ക് അയച്ച കത്തില്‍ പറയുന്നത്.