അഭയാര്‍ത്ഥി നിലപാടിലുറച്ച് ട്രംപ് ; കുടിയേറ്റം വിലക്കിയ രാജ്യങ്ങളില്‍ പാകിസ്ഥാനും ഉള്‍പ്പെടുമെന്ന് സൂചന

single-img
30 January 2017

വാഷിംഗ്ടണ്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി ഭാഗികമായി സ്‌റ്റേ ചെയ്‌തെങ്കിലും തന്റെ തീരുമാനങ്ങളുമായി മുന്‍പോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. കുടിയേറ്റം വിലക്കിയതിന്റെ ആദ്യഘട്ട ഉത്തരവ് മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നത് എന്നും ട്രംപിന്റെ കൂടുതല്‍ രാജ്യങ്ങള്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

വ്യാപക എതിര്‍പ്പ് ഉയരുകയും ഉത്തരവ് കോടതി ഭാഗികമായി സ്‌റ്റേ ചെയ്തതിനും പിന്നാലെയാണ് വൈറ്റ് ഹൗസ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയത്. അടുത്തതായി പാകിസ്താനില്‍ നിന്നുള്ള കുടിയേറ്റമാണ് വിലക്കുകയെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. നിലവില്‍ കുടിയേറ്റം വിലക്കിയ ഏഴ് രാജ്യങ്ങളിലും അപകടകരമായ രീതിയില്‍ ഭീകരവാദം നിലനില്‍ക്കുന്നുവെന്ന് ഒബാമ ഭരണകൂടം കണ്ടെത്തിയതാണെന്ന് വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി റീന്‍സ് പ്രൈബസ് പറഞ്ഞു.

ഉത്തരവ് മുസ്‌ലിം വിഭാഗക്കാര്‍ക്ക് എതിരെയുള്ളതാണെന്ന ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. പഴുതടച്ച സുരക്ഷ ഉറപ്പാക്കിയശേഷം വിസ അനുവദിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ഇറാഖ്, ഇറാന്‍, ലിബിയ, സുഡാന്‍, യെമന്‍, സിറിയ, സൊമാലിയ എന്നീ രാജ്യങ്ങളാണ് ഇവ. മറ്റ് രാജ്യങ്ങളുടെ കാര്യത്തിലും ഈ മാനദണ്ഡം ബാധകമാക്കിയേക്കും. അടിയന്തിര പ്രാധാന്യമുള്ളതിനാലാണ് ഏഴ് രാജ്യങ്ങള്‍ക്ക് ആദ്യം വിലക്കേര്‍പ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനെതിരെ അമേരിക്ക ഈ നീക്കവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അത് ഇന്ത്യയ്ക്കുള്ള അമേരിക്കയുടെ പരോക്ഷമായ പിന്തുണ കൂടിയായാണ് വ്യാഖ്യാനിക്കപ്പെടുക. തീരുമാനങ്ങളൊന്നും പെട്ടെന്നെടുത്തതല്ല എന്നും വൈറ്റ് ഹൗസ് സൂചിപ്പിക്കുന്നു. എന്തായാലും ട്രംപിന്റെ അടുത്ത എക്‌സിക്യുട്ടിവ് ഉത്തരവുകള്‍ എന്തായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് അമേരിക്കയും ലോകവും.

അമേരിക്കന്‍ ജനതയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ എല്ലാ ഉത്തരവുകളും നടപ്പാക്കുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ നടപടിയാണ് ഇതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.