സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പണം പിന്‍വലിക്കാനുള്ള ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും റിസര്‍വ് ബാങ്കും ഏറ്റുമുട്ടലിലേക്ക്

single-img
30 January 2017

ന്യൂഡല്‍ഹി: അടുത്ത് നടക്കാന്‍ പോകുന്ന തിരഞ്ഞൈടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷനും റിസര്‍വ് ബാങ്കും ഏറ്റുമുട്ടലിലേക്ക്. പരിധി 24,000 ല്‍ നിന്ന് രണ്ടുലക്ഷമാക്കണമെന്ന കമ്മിഷന്റെ ആവശ്യമാണ് റിസര്‍വ് ബാങ്ക് തള്ളിയത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ദിലീപ് ശര്‍മ ശനിയാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് കത്തയച്ചു.

ഭരണഘടനാപരമായി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ ചുമതലപ്പെടുത്തിയ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെന്നും തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും അംഗീകരിക്കണമെന്നും വിഷയത്തിന്റെ ഗൗരവം റിസര്‍വ് ബാങ്ക് മനസ്സിലാക്കുന്നില്ലെന്നും കത്തില്‍ കത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കുന്ന മാര്‍ച്ച് 11 വരെ സ്ഥാനാര്‍ഥികള്‍ക്ക്് ആഴ്ചയില്‍ രണ്ടുലക്ഷം രൂപവീതം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 24 നാണ് കമ്മിഷന്‍ ആദ്യം കത്തയച്ചത്. നോട്ട് അസാധുവാക്കലിനുശേഷം വന്ന നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവ് നല്‍കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയത്.

ഇപ്പോള്‍ 24,000 രൂപയാണ് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരിധി. ഇതുപ്രകാരം 34 ആഴ്ചകളുള്ള തിരഞ്ഞെടുപ്പ് കാലയളവില്‍ സ്ഥാനാര്‍ഥികള്‍ക്ക് ആകെ പിന്‍വലിക്കാവുന്ന തുക പരമാവധി 96,000 രൂപയാണ്. ഇതുവളരെ കുറഞ്ഞ തുകയാണെന്നും പ്രചാരണത്തിന്റെ വിവിധഘട്ടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെറിയ തുകയ്ക്കുള്ള ഇടപാടുകള്‍ നോട്ടുവഴി തന്നെ ചെയ്യേണ്ടിവരുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

നിയമപ്രകാരം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് 28 ലക്ഷം രൂപ വീതവും ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് 20 ലക്ഷം വീതവും ചെലവഴിക്കാന്‍ സാധിക്കുമെന്ന കാര്യവും കമ്മിഷന്‍ റിസര്‍വ് ബാങ്കിനെ ഓര്‍മിപ്പിച്ചു.