കെഎസ്ആര്‍ടിസിയില്‍ ഫിനാന്‍ഷ്യല്‍ അഡ്‌വൈസര്‍ & ചീഫ് അക്കൗണ്ടന്റായി സാമ്പത്തിക വിദഗ്ധന്‍ എം.കെ ഐസക് കുട്ടിയെ നിയമിച്ചു

single-img
28 January 2017

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ ദുരവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു. കോര്‍പ്പറേഷനില്‍ ശക്തമായ സാമ്പത്തിക നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി സാമ്പത്തിക വിഭാഗത്തിന്റെ മേധാവിയായി ഏജീസ് ഓഫീസില്‍ നിന്നും അടുത്തിടെ വിരമിച്ച സീനിയര്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ എം.കെ ഐസക് കുട്ടിയെ നിയമിച്ചു. കെ.എസ്.ആര്‍.ടി.സി ഫിനാന്‍ഷ്യല്‍ അഡ്‌വൈസര്‍ & ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലാണ് ഐസക് കുട്ടിയുടെ നിയമനം.

തിരുവനന്തപുരം അക്കൌണ്ടന്റ് ജനറല്‍ ഓഫീസിലെ സീനിയര്‍ ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറല്‍ പദവിയില്‍ നിന്നും ഒക്ടോബര്‍ 31-നാണ് ഐസക് കുട്ടി വിരമിച്ചത്. ജനറല്‍ മാനേജരുടെ തസ്തികയില്‍ ഇപ്പോഴുള്ള ഒഴിവു നികത്താതെ ആ ചുമതലയും ഐസക് കുട്ടിയ്ക്ക് കൈമാറാനാണ് ആലോചന. ഇതോടെ കോര്‍പറേഷന്റെ സാമ്പത്തിക നിയന്ത്രണത്തിനു പിന്നാലെ ഭരണ നിര്‍വ്വഹണവും ഇദ്ദേഹത്തിന്റെ ചുമതലയിലാകും.

മാനേജിംഗ് ഡയറക്ടര്‍ കഴിഞ്ഞാല്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുക വഴി സ്ഥാപനത്തിലെ നാഥനില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഒപ്പം കെടുകാര്യസ്ഥതയും പതിവായ കോര്‍പറേഷനെ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനും നിയമനം കൊണ്ട് സാധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. നിലവില്‍ സര്‍ക്കാര്‍ സഹായം ഒന്നുകൊണ്ടു മാത്രമാണ് കോര്‍പ്പറേഷന്‍ മുന്നോട്ടു പോകുന്നത്. ഈ മാസവും ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയാണ്.

കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക വിനിയോഗത്തില്‍ നിലവില്‍ കോടികളുടെ വ്യത്യാസങ്ങളാണുള്ളത്. പല സാമ്പത്തിക ഇടപാടുകളിലും വ്യക്തതയില്ല. കെ റ്റി ഡി എഫ് സിയുമായുള്ള വായ്പാ ഇടപാടില്‍ തന്നെ 400 കോടി രൂപയുടെ അന്തരമുള്ളതായാണ് കണ്ടെത്തല്‍. ഇതുള്‍പ്പെടെ സാമ്പത്തിക വിനിമയത്തില്‍ കാലങ്ങളായി ഒരു സര്‍ക്കാര്‍ സ്ഥാപനം പുലര്‍ത്തേണ്ടതായ സുതാര്യതയോ നടപടി ക്രമങ്ങളോ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

മാത്രമല്ല കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക വിഭാഗത്തിന് പരിമിതികളേറെയുണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ച രക്ഷാ പായ്‌ക്കേജില്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനാല്‍ തന്നെ സാമ്പത്തിക വിദഗ്ദ്ധരായ ഉന്നത ഉദ്യോഗസ്ഥരെ ഈ തസ്തികയില്‍ നിയമിക്കണമെന്നും പായ്‌ക്കേജില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതുപ്രകാരമാണ് സാമ്പത്തിക വിദഗ്ധനായ എം കെ ഐസക് കുട്ടിയുടെ നിയമനം. സമാനമായ നിയമനത്തിലൂടെ വാട്ടര്‍ അതോറിറ്റിയിലും സാമ്പത്തിക നിയന്ത്രണത്തിന് സര്‍ക്കാര്‍ ആലോചനയുണ്ട്.