വിദ്യാര്‍ഥിസമരം; ലോ അക്കാദമി മാനേജ്‌മെന്റ് വിട്ടുവീഴ്ചക്കൊരുങ്ങുന്നു, അക്കാദമിക്കെതിരെ നിലപാട് കടുപ്പിക്കാന്‍ സിപിഐഎം തീരുമാനം

single-img
28 January 2017

തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ഥിസമരം തീര്‍ക്കാന്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചക്കൊരുങ്ങുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ താല്‍ക്കാലികമായി മാറി നിന്നുകൊണ്ടുള്ള ഫോര്‍മുല തയ്യാറായി. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറാണെന്ന് പ്രിന്‍സിപ്പിള്‍ ലക്ഷ്മി നായര്‍ പറഞ്ഞു.

ഇതിനിടെ ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍ണ്ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്നു നടക്കും.  ഇന്നലെ ഉപസമിതി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടും ഇന്നു നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. ലോ അക്കാദമിയില്‍ നിയമലംഘനങ്ങള്‍ നടന്നുവെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍.  ലക്ഷ്മി നായര്‍ക്കെതിരെ ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ ഏറെയും സത്യസന്ധമാണെന്നും ഇന്റേര്‍ണല്‍ മാര്‍ക്കിലും ഹാജര്‍ നല്‍കുന്നതിലും പ്രിന്‍സിപ്പലിന്റെ സമീപനം ശരിയായിരുന്നില്ലെന്നും ഉപസമിതി വിലയിരുത്തിയിരുന്നു. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകാനാണ് സാധ്യത.

എന്നാല്‍ ലോ അക്കാദമിക്കെതിരെ നിലപാട് കടുപ്പിക്കാനാണ് സിപിഐഎം തീരുമാനം. കര്‍ശന സമീപനം സ്വീകരിക്കാന്‍ സിന്‍ഡിക്കേറ്റിലെ സിപിഐഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പലിനെ മാറ്റണമെന്ന് ഉപസമിതി ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.  പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് പാര്‍ട്ടി നിര്‍ദേശം.

ലോ അക്കാദമി പ്രശ്‌നം സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം ഇത്രയും ശക്തമായി മുന്നോട്ട് പോയിട്ടും പരിഹാരം ഉണ്ടാകാത്തത് ശരിയല്ല. വിദ്യാഭ്യാസ മന്ത്രി യോഗം വിളിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ല. അതു കൊണ്ട് അടിയ ന്തരമായി ഗവര്‍ണര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇക്കാര്യമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയക്കുമെന്നും ചെന്നിത്തല അറിയിച്ചു.