രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
27 January 2017

ദില്ലി: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. കന്നുകാലികളെ അനധികൃതമായി കയറ്റി അയക്കുന്ന നടപടികള്‍ പ്രതിരോധിക്കാന്‍ ഉത്തരവുകള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പൊതുതാത്പര്യ ഹര്‍ജി തള്ളിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍, കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള ഉത്തരവിന് എതിരെ മഹാരാഷ്ട്രയിലെ 36 ബീഫ് ഡീലര്‍ അസോസിയേഷനുകള്‍ സംയുക്തമായി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കാളകളെ കശാപ്പ് ചെയ്യുന്നതിന് അനുവദിക്കണമെന്നും ഡീലര്‍മാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗോവധവും, ബീഫ് ഇറക്കുമതിയും ഉപഭോഗവും നിരോധിച്ച് കൊണ്ടുള്ള മഹാരാഷ്ട്ര മൃഗസംരക്ഷ നിയമം 2015 നെയും ഹര്‍ജിയില്‍ എതിര്‍ത്തിരുന്നു.

1976 ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ട് വന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെ എതിര്‍ത്ത് ബീഫ് ഡീലര്‍മാര്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും നിയമം ശരിവെക്കുകയായിരുന്നു