കാശ്മീരില്‍ സൈനിക ക്യാമ്പിലുണ്ടായ മഞ്ഞുവീഴ്ചയില്‍ കാണാതായ നാല് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ഇതോടെ മരിച്ച സൈനികരുടെ എണ്ണം പതിനാലായി

single-img
27 January 2017

ശ്രീനഗര്‍: കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കശ്മീരിലെ ഗുരെസ് മേഖലയിലെ സൈനിക ക്യാമ്പില്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കാണാതായ നാല് സൈനികരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി. ഇതോടെ മരിച്ച സൈനികരുടെ എണ്ണം പതിനാലായി.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ക്യാമ്പിന് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണത്. കഴിഞ്ഞ ഒന്നര ദിവസമായി നടത്തിയ തെരച്ചിലില്‍ പത്ത് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഇന്നലെ പുലര്‍ച്ചെയാണ് കണ്ടെത്തിയത്.

ഇതിന് പിന്നാലെ ഉച്ചയോടെ പത്ത് പേര്‍ മരിച്ചതായി സൈനിക വൃത്തങ്ങളില്‍ നിന്നും സ്ഥിരീകരണമുണ്ടായി. ശക്തമായ മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കഴ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ നാല് ദിവസമായി ശ്രീനഗര്‍ജമ്മു ഹൈവേ അടഞ്ഞുകിടക്കുകയാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളും നിര്‍്ത്തിവെച്ചു.