ലോ അക്കാദമി വിദ്യാര്‍ത്ഥി സമരം ഗൗരവമുള്ളതായി ഉപസമിതി, സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് യോഗം ചേരും.

single-img
27 January 2017


തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനും നേരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരവും മറ്റു പരാതികളും അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് യോഗം ചേരും. നേരത്തേ ഉപസമതി കോളേജില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും വാദങ്ങള്‍ കേട്ടിരുന്നു. മൂന്ന് ദിവസമാണ് സമിതി ലോ അക്കാദമിയില്‍ തെളിവെടുപ്പ് നടത്തിയത്.

ഉപസമിതി കണ്ടെത്തല്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് യോഗം ചേരുന്നത്. ലോ അക്കാദമിയുടെ അഫിലീയേഷന്‍ താത്ക്കാലികമായി റദ്ദ് ചെയ്യുന്നതടക്കമുള്ള വിഷയങ്ങളും ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉപസമിതി ഇന്നുതന്നെ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നാളെയാണ് നിര്‍ണ്ണായക സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്.

ലോ അക്കാദമിലെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ ഗൗരവമുള്ളതാണെന്നു സര്‍വകലാശാലാ ഉപസമിതി പ്രാഥമിക നിഗമനത്തിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവ നല്‍കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. പ്രിന്‍സിപ്പല്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കും ഹാജറും തിരുത്തിയെന്ന പരാതിയില്‍ വാസ്തവമുണ്ടെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. ലേഡീസ് ഹോസ്റ്റലില്‍ സ്വകാര്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്നുള്ള ആരോപണവും സത്യമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.

സര്‍വ്വകലാശാല ചട്ടം അനുസരിച്ച് ഇന്റേണല്‍ മാര്‍ക്ക് കോളേജിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ച് വിദ്യാര്‍ത്ഥികളുടെ പരാതി കൂടി കേട്ട ശേഷമാണ് സര്‍വ്വകലാശാലക്ക് മാര്‍ക്ക് ലിസ്റ്റ് കൈമാറേണ്ടത്. എന്നാല്‍ ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗം കേള്‍ക്കാതെ പ്രിന്‍സിപ്പല്‍ തീരുമാനമെടുക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം. രേഖകളില്‍ വ്യാപക തിരുത്തലുകളും സമിതി കണ്ടെത്തിയിട്ടുണ്ട്. മാര്‍ക്ക് ലിസ്റ്റ് അടക്കം വിദ്യാര്‍ത്ഥികള്‍ തെളിവായി കൈമാറിയിരുന്നു. അതിനിടെ അക്കാദമിയുടെ അഫിലിയേഷന്‍ രേഖകള്‍ കൈവശമില്ലെന്ന് കേരള സര്‍വ്വകലാശാല വ്യക്തമാക്കി. രേഖകളൊന്നും ഇല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം കേരള സര്‍വ്വകലാശാല മറുപടി നല്‍കിയിട്ടുള്ളത്.

അതേസമയം പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തുടരുകയാണ്. സമരം ഇന്ന് 17ാം ദിവസത്തിലേക്ക് കടന്നു. വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിജെപി നേതാവ് വി. മുരളീധരന്‍ കോളേജ് കവാടത്തില്‍ നിരാഹാര സമരം നടത്തുന്നുണ്ട്.