അമ്പതിനായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നിശ്ചിത ഫീസ് ചുമത്തണമെന്ന് ശുപാര്‍ശയുമായി മുഖ്യമന്ത്രിമാരുടെ സമിതി

single-img
25 January 2017

AppleMark

ദില്ലി: കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ശുപാര്‍ശകളുമായി മുഖ്യമന്ത്രിമാരുടെ സമിതി. കറന്‍സി ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ചെലവേറിയതാക്കണമെന്നും ക്രെഡിറ്റ് കാര്‍ഡ് ഒഴികെയുള്ള ഇലക്ട്രോണിക് ഇടപാടുകള്‍ സൗജന്യമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ച സമിതിയാണ് ശുപാര്‍ശകള്‍ മുന്നോട്ട വെച്ചിരിക്കുന്നത്.

കറന്‍സി ഉപയോഗിച്ചുള്ള വലിയ ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഇടപാട് ചെലവേറിയതാക്കുകയാണ് അതിനുള്ള മാര്‍ഗ്ഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സമയം അമ്പതിനായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നിശ്ചിത ഫീസ് ചുമത്തണം. ആധാര്‍ നമ്പര്‍ ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ വഴിയും മറ്റുമുള്ള ഇടപാടുകളും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകളും സൗജന്യമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതലായി നടത്തിയാല്‍ പഴയ ഇടപാടുകള്‍ക്ക് പോലും നികുതി ചുമത്തുമെന്ന് വ്യാപാരികള്‍ക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.