കേരളത്തിനും തമിഴ്‌നാടിനും രണ്ടു നിയമം പാടില്ല, കേരളത്തില്‍ ആന എഴുന്നള്ളിപ്പുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടും വേണം ; കമല്‍ഹാസന്‍

single-img
24 January 2017

 

 

ചെന്നൈ: ജെല്ലിക്കെട്ടിനെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. ജെല്ലിക്കെട്ട് വിലക്കിയ തീരുമാനത്തിനെതിരായ തമിഴരുടെ അതൃപ്തിയുടെ പ്രതീകമായിരുന്നു മറീന ബീച്ചിലെ സമരമെന്ന് അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ടെന്നത് തമിഴ്‌നാട് സംസ്‌കാരത്തിന്റെ ഭാഗമാണ്. ആനകളെ പൂരത്തിനും ഉത്സവങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ജെല്ലിക്കെട്ട് നടക്കുമ്പോള്‍ കാളകള്‍ക്ക് ഉണ്ടാക്കുന്നതിലുമധികമാണ്. എന്നിട്ടും കേരളത്തില്‍ ഇപ്പോഴും എഴുന്നള്ളിപ്പിന് ആനകളെ ഉപയോഗിക്കുന്നു. കേരളത്തിനും തമിഴ്‌നാടിനും രണ്ടു നിയമം എന്ന രീതി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.

ജെല്ലിക്കെട്ടില്‍ മരിക്കുന്നതിലേറെ ആളുകള്‍ വാഹനാപകടങ്ങളിലും മറ്റും മരിക്കാറുണ്ടെന്നും ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.
ജെല്ലിക്കെട്ട് നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണ് വേണ്ടതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. സമരക്കാര്‍ക്കെതിരായ പൊലീസ് നടപടി ശരിക്കും ഞെട്ടിച്ചുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇത് ഒഴിവാക്കേണ്ടതായിരുന്നു. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി മറീന ബീച്ചിലെ സമരമുഖം സന്ദര്‍ശിക്കേണ്ടതായിരുന്നു. എംജിആര്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹം ഉറപ്പായും സമരക്കാരെ സന്ദര്‍ശിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടക്കുന്നതിനിടെ പൊലീസുകാര്‍ ഓട്ടോറിക്ഷകള്‍ കത്തിക്കുന്ന വിഡിയോ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം ലഭിച്ചാല്‍ സമരക്കാര്‍ ശാന്തരായേനെയെന്നും അദ്ദേഹം പറഞ്ഞു.

ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ് ജനതയ്ക്ക് ഇടയിലുള്ള അതൃപ്തിയുടെ സൂചനയാണ് മറീന ബീച്ചിലും മറ്റ് സമരമുഖങ്ങളിലും കണ്ടതെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.