തിരുവനന്തപുരം ലോ കോളേജിനെതിരെയും പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെയും പരാതികളുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ; കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നില്‍ പരാതി പ്രളയം

single-img
24 January 2017

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിക്കും ലോ കോളേജ് പ്രിന്‍സിപ്പലിനെതിരെയും കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പ്രിന്‍സിപ്പല്‍ ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് ഹോട്ടലില്‍ ജോലി ചെയ്യിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും കാട്ടി വിദ്യാര്‍ത്ഥികള്‍ ഇന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ കമ്മീഷന് പരാതി നല്‍കും. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പ് തുടരുകയാണ്. സമിതിക്ക് മുമ്പില്‍ ആദ്യം മൊഴി കൊടുക്കാന്‍ എത്തിയ ലോ അക്കാദമിയിലെ വിദ്യാര്‍ഥികളായ ആര്യ,സെല്‍വന്‍, മറ്റൊരു വിദ്യാര്‍ഥിനിയുടെ അമ്മ എന്നിവരാണ് പ്രിന്‍സിപ്പലിനെതിരായുളള പരാതികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

സര്‍വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പിലാണ് കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍ എത്തിയത്. തന്റെ മകളോട് അങ്ങേയറ്റം മോശകരമായ രീതിയിലാണ് ലക്ഷ്മിനായര്‍ പെരുമാറിയതെന്ന് കോളേജിലെ വിദ്യാര്‍ഥിനിയുടെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. നിന്റെ തന്ത എന്റെ ക്ലാസ്‌മേറ്റായത് കൊണ്ടും കാലുപിടിച്ചതു കൊണ്ടുമാണ് നിനക്ക് ഇവിടെ അഡ്മിഷന്‍ തന്നത്. നിന്നെ പോലെയുളള കുരിശുകള്‍ക്കാണല്ലോ ഇവിടെ അഡ്മിഷന്‍ തന്നതെന്നും ആക്ഷേപിച്ച് തന്റെ മകളോട് ലക്ഷ്മിനായര്‍ സംസാരിച്ചു. ഇതുകൂടാതെ പലപ്പോഴും അസഭ്യമായ രീതിയിലാണ് പ്രിന്‍സിപ്പല്‍ മകളോട് ഉള്‍പ്പെടെയുളളവരോട് പെരുമാറുന്നതെന്നും രക്ഷിതാവ് പറഞ്ഞു.

തെളിവെടുപ്പിനെത്തിയ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നില്‍ പരാതി പ്രളയമായിരുന്നു. ഇന്നലെ 90 വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. നൂറോളം കുട്ടികള്‍ ഇനിയും ഊഴം കാത്തിരിക്കുന്നു. എസ് സി എസ് ടി വിദ്യാര്‍ത്ഥികളുടെ ഗ്രാന്റടക്കം പ്രിന്‍സിപ്പല്‍ തടഞ്ഞുവയ്ക്കുന്നതായും പരാതി ഉയര്‍ന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ കമ്മീഷനെ സമീപിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കൊണ്ട്, പ്രിന്‍സിപ്പല്‍ സ്വന്തം ഹോട്ടലിലെ ജോലി ചെയ്യിക്കുന്നതായും പരാതിയുണ്ട്.

അതേസമയം ഈ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും ലക്ഷ്മിനായര്‍ പ്രതികരിച്ചു. ആ കുട്ടിയുടെ പിതാവ് തന്റെ ക്ലാസ്‌മേറ്റായിരുന്നു, ഇയാള്‍ ഡിവോഴ്‌സാണ്. സമരത്തിലിരിക്കുന്ന മകളെ പിന്തുണച്ചാണ് ആ അമ്മ അങ്ങനെ പറയുന്നതെന്നും ലക്ഷ്മിനായര്‍ വ്യക്തമാക്കി.
എന്നാല്‍ പ്രിന്‍സിപ്പല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കുകയാണെന്നും പറയുന്നതെല്ലാം കള്ളമാണെന്നും അക്കാദമിയിലെ വിദ്യാര്‍ഥിനിയായ ആര്യ പറഞ്ഞു. ആരോപണം ഉന്നയിച്ച വിദ്യാര്‍ഥികളുടെ പക്കല്‍ ഇതിന്റെ റെക്കോര്‍ഡിംഗ്‌സ് ഉണ്ടെന്നും ഇതെല്ലാം ഉപസമിതിക്ക് മുന്നില്‍ ഹാജരാക്കിയെന്നും ആര്യ പറഞ്ഞു. തങ്ങളുടെ പൂര്‍വപിതാക്കന്‍മാര്‍ക്ക് വരെ ലക്ഷ്മിനായര്‍ വിളിച്ചിട്ടുണ്ട്. ഇതെല്ലാം റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ മുന്‍പാകെ എല്ലാ തെളിവുകളും ഹാജരാക്കുമെന്നും പ്രിന്‍സിപ്പലിന്റെ പൊളളത്തരങ്ങള്‍ പൊളിക്കുമെന്നും ആര്യ പറഞ്ഞു.

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ വിളിച്ചുകൊണ്ടുപോയി ലക്ഷ്മി നായരുടെ ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിരിയാണി വിളമ്പാന്‍ നിര്‍ത്തിയെന്ന പരാതിയാണ് അക്കാദമിയിലെ മറ്റൊരു വിദ്യാര്‍ഥിയായ സെല്‍വന്‍ ഉന്നയിച്ചത്. യൂണിഫോമിലായിരുന്ന തങ്ങളെ ഹോട്ടലിലെ മേശകള്‍ തുടപ്പിച്ച് ബിരിയാണി വിളമ്പിക്കൊടുപ്പിച്ചെന്നും നോട്ടീസ് വിതരണത്തിന് പറഞ്ഞുവിട്ടെന്നും സെല്‍വന്‍ ആരോപിക്കുന്നു. ഹോട്ടലിലെ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഇന്റേണല്‍ മാര്‍ക്കുകള്‍ കൂട്ടികൊടുക്കാം എന്ന് പറഞ്ഞിരുന്നതായും സെല്‍വന്‍ വിശദമാക്കി. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉന്നയിച്ച ആരോപണങ്ങളും മാധ്യമവാര്‍ത്തകള്‍ വിലയിരുത്തിയും മനുഷ്യാവകാശ കമ്മീഷന്‍ ലക്ഷ്മി നായര്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു

ഇതോടെ ലോ അക്കാദമിക്കെതിരായ സമരം ശക്തമാക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും. അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട്, എ ഐ വൈ എഫ് നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.