അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം ഇന്ന് തുടങ്ങും; തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സായിദ്

single-img
24 January 2017

ദില്ലി: യുഎഇ ഉപസര്‍വ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. നയതന്ത്ര വിദഗ്ധരും ബിസിനസ് പ്രമുഖരും അടക്കം നൂറോളം പേര്‍ അടങ്ങുന്ന സംഘമാണ് കൂട്ടത്തിലെത്തുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത്തവണത്തെ മുഖ്യാതിഥി.

ഇന്ത്യാ യുഎഇ സൗഹൃദം ശക്തിപ്പെടുത്തുന്ന നടപടികള്‍ക്കാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ സന്ദശനത്തോടെ തുടക്കമാകുന്നത്. ബുധനാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തുടങ്ങിയവരുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ ചര്‍ച്ച നടത്തും.

തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ അറിയിച്ചു. മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. പതിനാറ് കരാറുകളിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെയ്ക്കുക.

ഗതാഗത രംഗത്തെ സഹകരണമടക്കം വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച കരാറാണ് ഇതില്‍ പ്രധാനം. എംഎ യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംസീര്‍ വയലില്‍ തുടങ്ങിയവര്‍ അടങ്ങിയ ഇരുപതംഗ പ്രതിനിധി സംഘവും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദനൊപ്പം ഇന്ത്യയിലെത്തും.