ഒറ്റപ്പാലത്തു പോകുമ്പോള്‍ വേലപ്പണ്ണനെ കാണാതെ ലാലേട്ടന് പോകാനാവില്ല; ഹൃദയം കൊണ്ടുള്ള ബന്ധമാണിത്, മകന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി മോഹന്‍ലാലെത്തി

single-img
23 January 2017

 

 

 

ഹൃദയ ബന്ധങ്ങള്‍ക്കു മുന്‍പില്‍ എല്ലാ തിരക്കുകളും ചെറുതാണെന്ന് തെളിയിച്ച് ലാലേട്ടനെത്തി വേലപ്പണ്ണന്റെ മകന്റെ കല്ല്യാണത്തിന്.തന്റെ സിനിമകളില്‍ ഉള്‍പ്പെടെ നിര്‍മ്മാണ നിര്‍വ്വഹണ സഹായിയായി പ്രവര്‍ത്തിച്ച പാലക്കാട്ടുകാരന്‍ വേലപ്പന്റെ മകന്റെ കല്ല്യാണ നിശ്ചയത്തിനാണ് 1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാലും സംവിധായകന്‍ മേജര്‍ രവിയും എത്തിയത്.

മകളുടെ കല്ല്യാണത്തിന് തിരക്കുമൂലം മോഹന്‍ലാലിന് പങ്കെടുക്കാന്‍ പറ്റിയില്ല. ലോകത്തിന്റെ ഏത് കോണിലായാലും മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മകന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്ന് വേലപ്പന്‍ പറഞ്ഞു.

അടിവേരുകളുടെ ചിത്രീകരണ സമയത്താണ് വേലപ്പന്‍ ആദ്യമായി മോഹന്‍ലാലിനെ നേരില്‍ കാണുന്നത്. അന്ന് ദൂരെ നിന്ന് സിനിമാ ചിത്രീകരണം കാണുന്ന കൗതുകത്തോടെ താരത്തെ ഒരു നോക്ക് കണ്ട് തിരിച്ചു പോന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ്, ദേവാസുരത്തിന്റെ ചിത്രീകരണം വരിക്കാശ്ശേരി മനയിലെത്തുന്നതോടെയാണ് വേലപ്പന്റെ തലവര മാറുന്നത്. മരിച്ചു പോയ സച്ചിദാനന്ദനായിരുന്നു ദേവാസുരത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചിത്രീകരണത്തിനായി വരിക്കാശ്ശേരി മന നോക്കാന്‍ പോകുന്നത് മുതല്‍ ചിത്രീകരണ സംഘത്തിനൊപ്പം ലോക്കല്‍ മാനേജരുടെ റോളില്‍ വേലപ്പനുമുണ്ടായിരുന്നു.

ചിത്രീകരണം കഴിഞ്ഞ് മോഹന്‍ലാല്‍ മടങ്ങുമ്പോള്‍ കരഞ്ഞുകൊണ്ടാണ് വേലപ്പന്‍ യാത്രയാക്കിയത്.അന്ന് തുടങ്ങിയ സുഹൃത്ത് ബന്ധം കാലങ്ങള്‍ കടന്നു പോയിട്ടും ശക്തമായി തുടര്‍ന്നുവന്നു. ഒറ്റപ്പാലത്ത് എത്തിയാല്‍  വേലപ്പേട്ടനെ കാണാതെ  ലാല്‍ മടങ്ങില്ല.സിനിമാപ്രൊഡക്ഷന്‍ മാനേജരാണ് വേലപ്പന്‍.