പച്ചയിറച്ചിയോടും രക്തത്തോടുമുള്ള കൊതി; പഞ്ചാബില്‍ ഒമ്പതുകാരനെ കൊന്നു തിന്ന എട്ടാം ക്ലാസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
21 January 2017

 

 

ലുധിയാന: ഒമ്പത് വയസുകാരനെ കൊന്നു തിന്ന കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയിലെ ദുഗ്രിയിലുള്ള 16 കാരനെയാണ് പോലീസ് പിടികൂടിയത്. അയല്‍വാസിയായ ദീപു കുമാര്‍ എന്ന ബാലനെയാണ് ഈ കുട്ടി കൊന്ന് തിന്നത്. കഴിഞ്ഞ തിങ്കളാഴ്ച ദീപുവിനെ കാണാതായിരുന്നു. പിറ്റേന്ന് ഇവര്‍ താമസിക്കുന്ന ദുഗ്രി ഏരിയയിലെ ആളൊഴിഞ്ഞ സ്ഥലത്ത് തലയറുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.

തിങ്കളാഴ്ച ഉച്ചക്കായിരുന്നു ദീപുവിനെ പട്ടം പറത്താനായി കൗമാരക്കാരന്‍ വിളിച്ചുകൊണ്ടുപോയത്. ഈ സമയത്ത് ഇവരുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്ത് പോയിരിക്കുകയായിരുന്നു. പട്ടം പറത്താനായി വിളിച്ചുവരുത്തിയ ഉടനെ ദീപുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആറ് ഭാഗങ്ങളായി മുറിക്കുകയും ചെയ്തു.തുടര്‍ന്ന് കുട്ടിയുടെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാക്കിയുള്ള ശരീര ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. കൂടാതെ കുട്ടിയുടെ ഹൃദയം പറിച്ചെടുത്ത് താന്‍ പഠിക്കുന്ന സ്‌കൂള്‍ പരിസരത്തേക്ക് വലിച്ചെറിഞ്ഞതായും പോലീസിന് മൊഴി നല്‍കി. തന്റെ സ്‌കൂളിനോടുള്ള വെറുപ്പായിരുന്നു ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

അന്വേഷണം നടത്തിയ പോലീസ് സ്‌കൂളിലെ വാട്ടര്‍ടാങ്കിന് അടിയില്‍ നിന്ന് കൊല്ലപ്പെട്ട ദീപുവിന്റെ ഹൃദയം കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ആയുധം വീട്ടിലെ ബാത്ത് റൂമിനുള്ളില്‍ ഒളിപ്പിച്ചുവെച്ചതും പോലീസ് കണ്ടെടുത്തു. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഈ കുട്ടിയെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയെന്നാണ് സൂചന.

പച്ചയിറച്ചി കഴിക്കാന്‍ തനിക്ക് പലപ്പോഴും ആഗ്രഹം തോന്നിയിട്ടുണ്ടെന്നും സ്വന്തം വിരല്‍ തന്നെ കടിച്ചു തിന്നാന്‍ ആഗ്രഹം തോന്നിയിട്ടുണ്ടെന്നും ഈ കുട്ടി പോലീസിനോട് പറഞ്ഞുവെന്നാണ് സൂചന. മനുഷ്യ മാംസത്തോട് ആസക്തി തോന്നുന്നത് നരഭോജനത്തിന്റെ സൂചനയാണെന്നും പോലീസുദ്യോഗസ്ഥര്‍ പറയുന്നു.