നിയമത്തിനു മുന്നില്‍ ബന്ധങ്ങള്‍ ബാധകമല്ല; യുവതിയെ കുത്തിയ കേസില്‍ കുറ്റവാളിയായ മകനെ പിടിച്ചുകൊടുത്തു മാതൃകയായി പൊലീസുകാരന്‍

single-img
20 January 2017


ഡല്‍ഹി: സ്വന്തം മകന്‍ പ്ലേ സ്‌കൂള്‍ അധ്യാപികയെ കത്തി കൊണ്ട് ഒമ്പത് തവണ കുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മകനെ പിടിച്ചുകൊടുത്താന്‍ സഹായിച്ച് പൊലീസുകാരനായ അച്ഛന്‍. അറസ്റ്റില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് എഎസ്‌ഐ രാജ് സിങ് മകനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് മാതൃകയായത്.

23 കാരിയെ ഒമ്പത് തവണ കുത്തിയ രണ്ട് പേരില്‍ ഒരാളായിരുന്നു രാജ് സിങ്ങിന്റെ മകന്‍ അമിത്. സംഭവം നടക്കുമ്പോള്‍ രാജ് സിങ് ഏഴ് ദിവസത്തെ മെഡിക്കല്‍ ലീവിലായിരുന്നു. മകനാണ് അധ്യാപികയെ കുത്തിയതെന്ന് അറിഞ്ഞപ്പോള്‍ പിന്നെയൊന്നും നോക്കാതെ രാജ് സിങ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി സഹായം വാഗ്ദാനം ചെയ്തു. ആ സമയം പ്രതികളെ പിടികൂടാനുള്ള വഴിതേടുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

മകന്‍ ശിക്ഷ അര്‍ഹിക്കുന്നുവെന്ന് മനസിലാക്കിയ സിങ് മകനെ സഹായിക്കുന്നതില്‍ നിന്ന് ബന്ധുക്കളെ വിലക്കിയിരുന്നു. അമിതിന് താമസ സൗകര്യം ഒരുക്കുന്നതില്‍ നിന്ന് ബന്ധുക്കളെ വിലക്കുകയാണ് സിങ് ആദ്യം ചെയ്തത്. തന്റെ മകന്‍ ചെയ്യുന്നതെന്താണെന്ന് അവന് അറിയില്ലെന്നും അവന്‍ കേസില്‍ കുറ്റക്കാരനാണെന്നും രാജ് സിങ് ബന്ധുക്കളെ ധരിപ്പിച്ചു. അമിത് അധ്യാപികയെ കുത്തിയ കാര്യം അറിയാതിരുന്ന ബന്ധുക്കളോട് ഇക്കാര്യം ധരിപ്പിച്ച ശേഷമായിരുന്നു മുന്നറിയിപ്പ്. മകന്‍ ഒളിവില്‍ കഴിയുന്നുണ്ടോ എന്നറിയാന്‍ റോഷന്‍പുരയിലെ ചില ബന്ധുവീടുകളില്‍ സിങ് നേരിട്ട് പോയും അന്വേഷണം നടത്തി.

‘ആദ്യം ഡ്യൂട്ടി, പിന്നെയേ അച്ഛന്‍ മകന്‍ ബന്ധം വരുകയുള്ളൂ. കേസില്‍ മകന്‍ ഉള്‍പ്പെട്ടാലും ഒരു പൊലീസുകാരന്‍ തന്റെ ഡ്യൂട്ടി ചെയ്യണം.’ രാജ് സിങ്ങിന്റെ വാക്കുകളെ ഉദ്ധരിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍. മകനെ പിടിക്കാന്‍ രാജ് സിങ്ങ് സഹായിച്ച കാര്യം ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് ദീപേന്ദ്ര പഥക് സ്ഥിരീകരിച്ചു. മകനെ പിടികൂടാന്‍ എഎസ്‌ഐ അന്വേഷണ സംഘത്തെ സഹായിച്ചു. സ്വന്തം കര്‍ത്തവ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയെ ബഹുമാനിക്കുന്നു. അദ്ദേഹം എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും പഥക് പറഞ്ഞു.

ഡല്‍ഹി പോലീസിന് കേസിനെക്കുറിച്ച് വിവരം ലഭിച്ചതോടെ നജഫ്ഗഢ് സ്റ്റേഷനിലെത്തിയ രാജ് സിങ് മകനെ പിടികൂടാന്‍ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. കേസില്‍ മകന്റെ പങ്ക് വ്യക്തമായതോടെ രാജ് സിങ് ഏഴു ദിവസത്തെ മെഡിക്കല്‍ ലീവ് എടുക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം അന്വേഷണ സംഘത്തോടൊപ്പം സിങ് ചേരുകയായിരന്നു.സൗത്ത് വെസ്റ്റ് ഡല്‍ഹി ജോയിന്റ് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് അമിതിനെ അറസ്റ്റ് ചെയ്യാന്‍ രാജ് സിങ് സഹായിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.