ജെല്ലിക്കെട്ട് നിരോധനം; പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം

single-img
20 January 2017

ചെന്നൈ : തമിഴ്‌നാടിനെ പ്രതിഷേധത്തില്‍ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന ജെല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതി വിധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ച് കരട് രൂപം കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇതിനുളള പിന്തുണ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ജെല്ലിക്കെട്ടിനുളള അനുമതിയുണ്ടാകുമെന്നും പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞ് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പനീര്‍സെല്‍വം കൂടിക്കാഴ്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്വന്തം നിലയില്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തമിഴ്‌നാടിന്റെ തീരുമാനം. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ഓര്‍ഡിനന്‍സ് പുറത്തിറക്കാമെന്ന നിയമോപദേശം നേരത്തെ സര്‍ക്കാരിന് നല്‍കിയിരുന്നു. അതേസമയം, ജല്ലിക്കെട്ട് നിരോധനത്തിനെതിരായ പ്രതിഷേധം രൂക്ഷമാക്കി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് മൃഗസ്‌നേഹി സംഘടനകളുടെ പരാതിയെ തുടര്‍ന്ന് സുപ്രീം കോടതി വിലക്കുകയായിരുന്നു. ജെല്ലിക്കെട്ട് നിരോധനത്തില്‍ സുപ്രീംകോടതിയിലുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇതുവരെ വിധിവരാത്തതിനാലാണ് നടത്താന്‍ സാധിക്കാതിരുന്നത്. വിലക്ക് നീക്കണമെന്നാവശ്യപെട്ട് ദിവസങ്ങളായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്.

സാമൂഹികസാസംസ്‌കാരിസിനിമാ മേഖലകളിലെ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന യുവജനവിദ്യാര്‍ഥി കൂട്ടായ്മയുടെ നിലപാടിന് ദിവസംതോറും വലിയ പിന്തുണയാണ് തമിഴ്ജനതയിലെ സാമൂഹ്യസാംസ്‌കാരിക മേഖലയില്‍ നിന്നും ലഭിക്കുന്നത്.

പ്രക്ഷോഭത്തിന് സിനിമാ മേഖലയിലെ നിരവധി താരങ്ങള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ പിന്തുണച്ച് ഇന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ തമിഴ് താരങ്ങളായ ധനൂഷ്, സൂര്യ, ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരം അശ്വിന്‍ എന്നിവരും ഇന്നും ഉപവാസമെടുക്കും. തമിഴകത്ത് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബന്ദിന് വ്യാപാരികള്‍, മോട്ടോര്‍വാഹനങ്ങള്‍, ബസ് തൊഴിലാളി സംഘടനകള്‍ എന്നിവയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഡിഎംകെ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലേക്കുളള ഗതാഗതവും തടസപ്പെടാന്‍ സാധ്യതയുണ്ട്.പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 24 മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പരീക്ഷകള്‍ മാറ്റിവെച്ച് സ്‌കൂളുകളും കോളേജുകളും ഇന്നും അവധി നല്‍കിയിരിക്കുകയാണ്. കൂടാതെ സിനിമ മേഖലയിലെ സംഘടനകളും പണിമുടക്കുന്നുണ്ട്.പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റെ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ മമ്പളം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞിരുന്നു.