പ്രണയത്തെയും കവിതകളെയും തനിച്ചാക്കി… സ്വപ്നങ്ങളിലേക്ക് പറന്ന പെണ്‍കുട്ടി

single-img
17 January 2017


18 വര്‍ഷങ്ങള്‍ മുമ്പ് ഈ ദിനമാണ് നന്ദിത മേഘങ്ങള്‍ക്കിടയിലേക്ക് തനിയെ നടന്നു പോയത്. വാക്കുകള്‍ കൊണ്ടു പ്രണയിച്ചും, വാക്കുകളെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുകയും , അവസാനം വാക്കുകളില്‍ ആത്മാഹുതി ചെയ്യുകയും ചെയ്ത നന്ദിത. 1969 മെയ്മാസ പുലരിയില്‍ വയനാട് ജില്ലയിലെ മടക്കിമലയിലാണ് നന്ദിത ജനിച്ചത്. സ്വപ്നങ്ങളെ പ്രണയിച്ച പെണ്‍കുട്ടി പറയാന്‍ പലതും ബാക്കി വെച്ചാണ് സ്വയം മരണത്തിലേക്ക് നടന്നു നീങ്ങിയത്. നന്ദിതയുടെ കവിതകള്‍ക്ക് പ്രണയത്തിന്റെ നിറമായിരുന്നു, വാകപ്പൂവിന്റെ ചുവപ്പായിരുന്നു, ചെമ്പകത്തിന്റെ ഗന്ധമായിരുന്നു..

എം.ശ്രീധരമേനോന്റെയും പ്രഭാവതി എസ് മേനോന്റെയും മകളായിട്ടായിരുന്നു നന്ദിതയുടെ ജനനം. ഗണപത് മോഡല്‍ ഹൈസ്‌കൂള്‍ ,ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, മദര്‍ തെരേസ കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇoഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ചെന്നൈ, എന്നിവടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1999 ജനുവരി 17 ന് നന്ദിത കവിതകളില്‍ നിന്നും പ്രണയത്തില്‍ നിന്നും, സ്വപനങ്ങളില്‍ നിന്നും പടിയിറങ്ങി പോയി.

തന്റെ പ്രണയത്തെ കവിതയിലൂടെ പ്രകാശം പരത്തുകയും അത് ആളിക്കത്തുകയും, ഒടുവില്‍ ആരോടോ തീര്‍ത്ത ഒരു പകപോക്കല്‍ പോലെ സ്വയമണഞ്ഞ ഒരു നാളമായിരുന്നു നന്ദിത.നല്ലൊരു വിദ്യാര്‍ത്ഥിനിയായും അദ്ധ്യാപികയായും ശലഭമായി പാറിനടന്ന വയനാടിന്റെ ഗ്രാമീണത തൊട്ടെഴുതിയ പെണ്‍കുട്ടി. അവരെന്തിനായിരുന്നു വയനാടന്‍ മലകളില്‍ മഞ്ഞിറങ്ങിയ ഒരു രാത്രി ഒരു വാക്കും അവശേഷിപ്പിക്കതെ ഒരുചുരിദാര്‍ ഷോളില്‍ സ്വന്തം ജീവിതത്തെ ഒരു വിഷാദം പോലെ തൂക്കിയിട്ടത്? മരണം എപ്പോഴും അങ്ങനെയാണ് എത്ര പറഞ്ഞ് നിര്‍ത്തിയാലും പിന്നെയും എന്തെങ്കിലും പറയാന്‍ ബാക്കിവച്ചിട്ടുണ്ടാവും.

നന്ദിത പറയാന്‍ ബാക്കിവച്ചത് കവിതകളും കുറേ ഡയറിത്താളുകള്‍ മാത്രമായിരുന്നില്ല, ആ മരണത്തിന്റെ ശൂന്യതയില്‍ ഒറ്റപ്പെട്ടുപൊയ മറ്റോരാളെ കൂടിയാണ്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സ്വന്തം ജീവിതം തന്നെ പകരം കൊടുത്ത് ഭൂതവും ഭാവിയും ഇല്ലാതെ ജീവിക്കുന്ന ഒരാള്‍, പാതിയില്‍ പാടി നിര്‍ത്തിയ സംഗീതം പോലെ,നന്ദിതയുടെ ഭര്‍ത്താവ് അജിത്. അജിത്തിനെയും പ്രണയത്തെയും കവിതകളെയും തനിച്ചാക്കി മരണമെന്ന മഹാമൗനത്തിലേക്ക് നന്ദിത സ്വയം നടന്നു നീങ്ങിയത് എന്തിനായിരുന്നു? വീട്ടുകാരുടെ എതിര്‍പ്പിലും ജീവിതത്തിലേക്ക് ധീരതയോടെ നടന്ന് കയറിയ ഒരു പ്രണയവിവാഹം. വിവാഹശേഷം അവരൊന്നിച്ച് ബോംബെയിലെത്തി. രണ്ടാം മധുവിധുപോലെ പ്രണയത്തിന്റെ ഒരു പൂക്കാലമായിരുന്നു ആ ദിവസങ്ങള്‍. വെക്കേഷന്‍ കഴിഞ്ഞ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് കൈവീശി നന്ദിത യാത്രയായത് മരണത്തിലേക്കായിരുന്നു.

നന്ദിത മരിക്കുന്ന ദിവസം അമ്മയോട് പറഞ്ഞിരുന്നു രാത്രി വൈകിയാണെങ്കിലും ഒരു കോള്‍ വരും അത് താന്‍ തന്നെ അറ്റെന്‍ഡ്ചെയ്തോളാമെന്ന്. ബാല്‍ക്കണിയില്‍ നന്ദിത ഒരുപാട് നേരം തനിച്ചിരുന്നത് അമ്മ ഓര്‍ക്കുന്നു.കുറേ കഴിഞ്ഞ് തിരികെ വന്ന് നോക്കിയ അവര്‍ കണ്ടത് അന്ന് അജിത് വാങ്ങിക്കൊടുത്ത ആ ചുരിദാര്‍ ഷോളില്‍ തൂങ്ങിനില്‍ക്കുന്ന മകളെയാണ്. രാത്രി ഒരു ഫോണ്‍ കോളും വന്നതായി കേട്ടില്ല എന്ന് നന്ദിതയുടെ അമ്മ തന്നെ പറഞ്ഞിരുന്നൂ. അജിത്തോ സുഹൃത്തുക്കളോ വിളിച്ചിരുന്നില്ല.അന്ന് നന്ദിത പ്രതീക്ഷിച്ച ആ കോള്‍ ആരുടേതായിരുന്നുവെന്ന് നന്ദിതക്ക് മാത്രം അറിയാവുന്ന രഹസ്യമായി. വിവാഹത്തിന് മുന്‍പും ശേഷവും നന്ദിത അജിത്തിനെഴുതിയിരുന്ന പ്രണയാര്‍ദ്രമായ കത്തുകള്‍ക്ക് ജീവനുണ്ടായിരുന്നു. നന്ദിതക്ക് വിവാഹത്തിന് മുന്‍പ് മറ്റൊരു പ്രണയമുണ്ടായിരുന്നൂ. മതത്തിന്റെയും വീട്ടുകാരുടേയും എതിര്‍പ്പില്‍ നടക്കാതെ പോയ ആ പ്രണയത്തിന്റെ വസന്തത്തിലാണ് നന്ദിതയുടെ ഹൃദയത്തില്‍ കവിതയുടെ പൂക്കള്‍ വിടര്‍ന്നതും. അജിത്തിനെ നന്ദിത സ്നേഹിച്ചിരുന്നില്ലേ? ഉത്തരങ്ങളെല്ലാം മൗനമായ് ബാക്കിയാവുകയാണ്.

സ്വന്തം മുഖം ഓവനിലേക്ക് തിരുകിവച്ച് ശിരസ്സ് വെന്ത് മരിക്കുമ്പോള്‍ അമേരിക്കന്‍ കവയത്രി സില്‍വിയോപ്ലാത്ത്‌
വിലപിച്ചിരിക്കണം, ഇതിലും തീവ്രവേദനകള്‍ എനിക്ക് തന്ന ലോകമേ ഇതെനിക്ക് മഞ്ഞില്‍ മുക്കിയ വെണ്‍ തൂവല്‍ കൊണ്ട് എന്നെ തഴുകുന്നത് പോലെ സുഖകരമായിരിക്കുന്നൂ.”പ്രണയത്തിന്റെ കഠിന വേദന എനിക്ക് പ്രിയങ്കരമാണ് , എന്റെ പ്രണയം പോലെയാണ് എന്റെ മരണമെങ്കില്‍ ഞാന്‍ മരിച്ച് കൊള്ളട്ടെ”എന്നെഴുതിയ റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്‌കില്‍.. സ്വന്തം ഭാര്യയുടെ കാമുകനില്‍ നിന്നും വെട്ട് കൊണ്ട് മരിക്കുമ്പോള്‍ അതും പ്രണയത്തിന്റെ ആത്മാര്‍പ്പണമായിരുന്നു.

കാഴ്ചക്കാരന് വേണ്ടിയല്ല ഒരാളും അത്മഹത്യ ചെയ്യുന്നത്. അവനവന് വേണ്ടിത്തന്നെയാണ്. അവര്‍ ഈ ലോകവും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് എത്ര വേദനയോടെ ആയിരിക്കണം? ആത്മഹത്യ പലപ്പൊഴും സുഹൃത്തുക്കളേയോ പ്രിയപ്പെട്ടെവരെയോ മാത്രമല്ല…അവനവനെത്തന്നെ ബോധ്യപ്പെടുത്താനാവാത്ത സമസ്യ ആയിമാറുന്നൂ. ആരും കാണാതെ ആരും ഓര്‍ക്കാതെ ഈ ദിനവും കടന്നു പോകരുത്. യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയാണ് നന്ദിതയുടെ ഓര്‍മ്മ ദിനം കടന്നു പോകേണ്ടത്. കാരണം ആരും കാണാതെ ആരേയും കാണിക്കാതെ തലയിണക്കടിയില്‍ ഒളിപ്പിച്ചു വെച്ച കവിതയുടെ വസന്തമായിരുന്നു നന്ദിതയുടെ ഓരോ വരിയും..