ചെഗുവേരയെ മാതൃകയാക്കാന്‍ പറഞ്ഞ ബിജെപി നേതാവ് സികെ പത്മനാഭനോട് വിശദീകരണം തേടും;ബി.ജെ.പി.സംസ്‌ഥാന കൗണ്‍സിലിന്‌ ഇന്നു തുടക്കം

single-img
16 January 2017

കോട്ടയം: ബി.ജെ.പി. സംസ്‌ഥാന കൗണ്‍സിലിനു ഇന്നു കോട്ടയത്ത്‌ തുടക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുകയാണു കൗണ്‍സിലിന്റെ ലക്ഷ്യമെങ്കിലും വിവാദ വിഷയങ്ങളാകും ചര്‍ച്ചകളില്‍ നിറയുക. ക്യൂബന്‍ വിപ്ലവ നായകന്‍ ചെഗുവേര ഗാന്ധിക്കു തുല്യനാണെന്നും യാവാക്കള്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നാണ് എക്കാലത്തെയും തന്റെ നിലപാട് എന്ന് പറഞ്ഞ ബിജെപി നേതാവ് സികെ പത്മനാഭനോട് ബിജെപി വിശദീകരണം തേടും.

സിപിഐഎമ്മിനെ സഹായിക്കുന്ന നിലപാടാണ് സികെപി എടുത്തതെന്നും ഇത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് ആര്‍എസ്എസ് അനുഭാവികളായ ബിജെപി നേതാക്കള്‍ ഉന്നയിച്ചതോടെയാണ് വിശദീകരമണം തേടുന്നത്. സികെപി സിപിഐഎമ്മിലേക്ക് പോകുന്നതിനു വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഈ വിഭാഗത്തിന് അഭിപ്രായമുണ്ട്.

ഇന്നു സംസ്‌ഥാന ഭാരവാഹിയോഗവും നാളെ സംസ്‌ഥാന കമ്മിറ്റിയും ബുധനാഴ്‌ച സംസ്‌ഥാന കൗണ്‍സിലുമാണു നടക്കുന്നത്‌. ഇന്നു വൈകിട്ട്‌ നാലിനു ഹോട്ടല്‍ ഐശ്വര്യയിലാണു സംസ്‌ഥാന ഭാരവാഹിയോഗം. ബുധനാഴ്‌ച മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സംസ്‌ഥാന കൗണ്‍സില്‍ യോഗം രാവിലെ പത്തിന്‌ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഉദ്‌ഘാടനം ചെയ്യും. 1,373 പ്രതിനിധികള്‍ പങ്കെടുക്കും. കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്‌. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം.പി, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.