കലയുടെ മഹോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരി തെളിയും;12,000-ത്തിലധികം കലാപ്രതിഭകളാണ് രാപ്പകലുകളെ സമ്പന്നമാക്കാനായി കണ്ണൂരില്‍ എത്തിയിരിക്കുന്നത്.

single-img
16 January 2017


കണ്ണൂര്‍: കലയുടെ മഹോത്സവത്തിന് കണ്ണൂരില്‍ ഇന്ന് തിരി തെളിയും. 57-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊലീസ് ഗ്രൗണ്ടിലുള്ള പ്രധാന വേദിയായ നിളയില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

രാവിലെ 09:30-ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തും. 10 മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിക്കും. 14 ജില്ലകളില്‍ നിന്നായി 12,000-ത്തിലധികം കലാപ്രതിഭകളാണ് രാപ്പകലുകളെ സമ്പന്നമാക്കാനായി കണ്ണൂരില്‍ എത്തിയിരിക്കുന്നത്. 20 വേദികളാണ് ഇവര്‍ക്ക് മാറ്റുരയ്ക്കാനായി കണ്ണൂരില്‍ ഒരുങ്ങിയിരിക്കുന്നത്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 232 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

20 വേദികളാണ് കലാ മാമാങ്കത്തിനായി കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ 20 നദികളുടെ പേരാണ് 20 വേദികള്‍ക്കും നല്‍കിയിരിക്കുന്നത്. നിള, കബനി, പമ്പ, വളപട്ടണം, കല്ലായി, പെരിയാര്‍, മയ്യഴി എന്നിങ്ങനെ പോകുന്നു വേദികളുടെ പേരുകള്‍. സ്റ്റേഡിയം കോര്‍ണറിലുള്ള വേദിയായ മയ്യഴിയില്‍ 17-ാം തിയ്യതി മുതല്‍ 22-ാം തിയ്യതി വരെ സാംസ്‌കാരിക പരിപാടികള്‍ നടക്കും. 2.10 കോടി രൂപയാണ് കലോത്സവത്തിന് പ്രതീക്ഷിക്കുന്ന ആകെ ചെലവ്.

22-നാണ് കലോത്സവം അവസാനിക്കുക. അന്ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.