15 വര്‍ഷം പഴക്കുള്ള വാഹനങ്ങള്‍ പൊളിച്ചടുക്കണം; അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കേന്ദ്രം നയം കൊണ്ടുവരുന്നു

single-img
14 January 2017


ചെന്നൈ: പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള നയത്തിന്റെ കരടു രൂപം വൈകാതെ പുറത്തിറക്കുമെന്ന് കേന്ദ്രം
വാഹനങ്ങളുടെ കാലാവധി 15 വര്‍ഷത്തേക്കാക്കി നിജപ്പെടുത്താനാണ് ആലോചന. ഇക്കാര്യത്തില്‍ നയത്തിന്റെ കരടുരൂപം ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി.ഇന്ത്യന്‍ വ്യവസായ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ഗഡ്ക്കരി ഇക്കാര്യം വ്യക്തമാക്കിയത്.

വാഹനപ്പെരുപ്പത്തെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള മെട്രോനഗരങ്ങള്‍ രൂക്ഷമായ പരിസ്ഥിതി മലിനീകരണത്തിന്റെ പിടയിലായതോടെയാണ് ഇത്തരത്തിലുള്ള തീരുമാനം.നിലവില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നല്‍കിവരുന്ന ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്ത് 15 വര്‍ഷം കഴിഞ്ഞ് റജിസ്ട്രേഷന്‍ പുതുക്കാനുള്ള അവസരം ഇല്ലാതായേക്കുമെന്നാണ് സൂചന. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിലെ പ്രധാനവില്ലനായി വിലയിരുത്തപ്പെടുന്നത്.നയം വന്നാല്‍ പെട്രോളോ ഡീസലോ വ്യത്യാസമില്ലാതെ ഒന്നര പതിറ്റാണ്ട് പഴകിയ വാഹനങ്ങള്‍ നഗരത്തിലും ഗ്രാമത്തിലുമെല്ലാം നിരോധിക്കപ്പെടും. വാഹനഭാഗങ്ങളുടെ പുനരുപയോഗം പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ നിന്നെടുക്കുന്ന യന്ത്രങ്ങള്‍ പുനരുപയോഗിക്കു എന്ന ലക്ഷ്യത്തോടെയുള്ള നയമാണ് ആലോചിക്കുന്നത്.

മുന്‍പ് പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ന്യൂഡല്‍ഹിയില്‍ നിരോധിക്കാനുള്ള ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരേ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരെ ബാധിക്കുമെന്നായിരുന്നു ഇതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന ന്യായീകരണം. ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി പക്ഷേ സുപ്രീംകോടതി തള്ളിയിരുന്നു.അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടിരിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിദിനം 18 കിലോമീറ്റര്‍ റോഡ് വീതം നവീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അത് 28-30 കിലോമീറ്ററാക്കി വര്‍ദ്ധിപ്പിക്കുമെന്നും പറഞ്ഞു.