അടിസ്ഥാന സൗകര്യങ്ങളില്ല , മറ്റക്കര ടോംസ് എന്‍ജീനിയറിങ്ങ് കോളേജിനെതിരെ സാങ്കേതിക സര്‍വകലാശാല നടപടി എടുത്തേക്കും

single-img
14 January 2017

കോട്ടയം : കോളേജിലെയും ഹോസ്റ്റലിലെയും പീഡനങ്ങള്‍ പുറത്തു കൊണ്ടുവന്നതോടെ മറ്റക്കര ടോംസ് എന്‍ജീനിയറിങ്ങ് കോളേജിനെതിരെ സാങ്കേതിക സര്‍വകലാശാല നടപടി എടുത്തേക്കും. കോളേജിലെ പീഡനത്തെക്കുറിച്ച് അന്വേഷിച്ച രജിസ്ട്രാറും പരീക്ഷ കണ്‍ട്രോളറും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കോളേജിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നുള്ള സൂചന.

കോളേജില്‍ അടിസ്ഥാന സൗകര്യം കുറവാണെന്നും ശരിയായ രീതിയിലല്ല കോളേജിന്റെ പ്രവര്‍ത്തനമെന്നും തെളിവെടുപ്പില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രജിസ്ട്രാറോട് പറഞ്ഞു. നാലുപേര്‍ താമസിക്കേണ്ടിടത്ത് പതിനഞ്ചോളം പേരാണ് താമസിക്കുന്നതെന്നും സമിതി കണ്ടെത്തിയിരിക്കുകയാണ്.

കോളേജിനെതിരെയും ചെയര്‍മാന്‍ ടോം ടി ജോസഫിനെതിരെയും വിദ്യാര്‍ത്ഥികള്‍ക്ക് പരാതി മാത്രമാണ് പറയാന്‍ ഉണ്ടായിരുന്നത്. ചെയര്‍മാന്‍ രാത്രി കാലങ്ങളില്‍ ലേഡീസ് ഹോസ്റ്റലിലേക്ക് സന്ദര്‍ശനത്തിന് എത്താറുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. മാത്രമല്ല ഹോസ്റ്റലില്‍ ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും പരാതിപ്പെട്ടാല്‍ ശാരീരികമായും മാനസികമായും പീഡനങ്ങളാണ് ഉണ്ടാവുകയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേ സമയം വിദ്യാര്‍ത്ഥികള്‍ കടുത്ത ആരോപണം ഉന്നയിക്കുമ്പോള്‍ അധ്യാപകര്‍ മൗനം പാലിക്കുകയായിരുന്നു.