പോലീസ് സ്‌റ്റേഷനില്‍ വെടിപൊട്ടിച്ച കേസ്‌: ‘തോക്കു സ്വാമി’ ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടു

single-img
12 January 2017
പറവൂര്‍ : ആലുവ തോക്ക് കേസില്‍ ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടു. തോക്കുസ്വാമി എന്നറിയപ്പെട്ടിരുന്ന ഭദ്രാനന്ദയെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ വെടിയുതിര്‍ക്കുകയും ആ്ത്മഹത്യ ഭീഷണി മുഴുക്കുകയും ചെയ്തുവെന്നതായിരുന്നു ഭദ്രാനന്ദക്കെതിരായ കേസ്. 2008 മെയ് 17 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഇയാള്‍ക്കെതിരെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നത്. മാധ്യമപ്രവര്‍ത്തകരെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നു പറഞ്ഞ് ആലുവ മനക്കപ്പടിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. നിറതോക്കു നെറ്റിയിലമര്‍ത്തി നിന്ന ഭദ്രാനന്ദയെ പോലീസ് അനുനയിപ്പിച്ച് സ്റ്റേഷനിനില്‍ എത്തിച്ചപ്പോഴും തോക്ക് നെറ്റിയിലമര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
തോക്കും, മൊബൈല്‍ ഫോണും ഭദ്രാനന്ദയുടെ കൈയില്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകരും പോലീസുമായി സ്‌റ്റേഷനില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. സംഘര്‍ഷം കണ്ട് തോക്കുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വന്ന ഭദ്രാനന്ദയെ ബലം പ്രയോഗിച്ച് പിടിച്ചു മാറ്റുന്നതിനിടയിലാണ് വെടിപ്പൊട്ടിയത്. രണ്ടു പ്രാവിശ്യം വെടിവെക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് കൈതട്ടി മാറ്റുകയായിരുന്നു. അന്ന് ഭദ്രാനന്ദക്ക് കൈക്ക് ചെറിയ പരിക്കു പറ്റിയിരുന്നു.