മോദിയുടെ ബിരുദം പരസ്യമാക്കാന്‍ ഉത്തരവിട്ട വിവരാവകാശ കമ്മീഷണറെ പദവിയില്‍ നിന്നും പുറത്താക്കി

single-img
12 January 2017

ദില്ലി : വിവരാവകാശ കമ്മീഷ്ണര്‍ ശ്രീധര്‍ ആചാര്യലു കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ പിന്നാലെ ശ്രീധര്‍ ആചാര്യലുവിനെ വിവരാവകാശ കമ്മീഷണറെ സ്ഥാനത്തു നിന്നും പുറത്താക്കി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1978 ല്‍ ബി.എ. പരീക്ഷ ജയിച്ചു എന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ പാര്‍ട്ടിക്ക് തങ്ങളുടെ അവകാശവാദങ്ങള്‍ സാധൂകരിക്കുന്നതിനുള്ള വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ 1978 ലെ ബി.എ കോഴ്‌സിന്റെ രേഖകള്‍ പരസ്യമാക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് ശ്രീധര്‍ ആചാര്യലു നിര്‍ദേശം നല്‍കി രണ്ടു ദിവസത്തിനുള്ളിലാണ് അദ്ദേഹത്തിനെ സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്. അദ്ദേഹത്തിനു പകരം മഞ്ജുള പരാശ്വര്‍ വിവരാവകാശ കമ്മീഷണറുടെ ചുമതലയേല്‍ക്കും.

ജനുവരി എട്ടിനാണ് വിവരാവകാശ കമ്മീഷണര്‍ 1978 ലെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ രേഖകള്‍ പരസ്യമാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ച ഉദ്യോഗസ്ഥനില്‍ നിന്നും കാല്‍ലക്ഷം രൂപ പിഴ ഈടാക്കാനും വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ചില വിവരാവകാശ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഓരോരോ കാരണം നിരത്തി അപേക്ഷ തള്ളുന്ന സമീപനമായിരുന്നു ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്വീകരിച്ചത്.

വിവരാവകാശ അപേക്ഷ തള്ളിയ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷിക്കെതിരെയായിരുന്നു നടപടിക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹത്തെ ചുമതലയില്‍ നീക്കി കൊണ്ട് മുഖ്യവിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.