പൊങ്കലിനു മുന്നേ ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

single-img
12 January 2017

ചെന്നൈ: കാര്‍ഷിക ഉത്സവമായി തമിഴ്‌നാട്ടില്‍ ആഘോഷിക്കുന്ന പൊങ്കലിന് മുന്‍പ് ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള വിധി പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിരോധനംപിന്‍വലിക്കുന്ന ഉത്തരവ് ശനിയാഴ്ചക്ക് മുമ്പ് പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പൊങ്കലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഇതോടൊപ്പം നടക്കേണ്ട ജെല്ലിക്കെട്ടിന് അനുമതിതേടി തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘടന സുപ്രീം കോടതിയെ സമീപിച്ചത് .

പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഹര്‍ജി കോടതി തള്ളിയത്. വിധി പുറപ്പെടുവിക്കുന്നതിന് കോടതിക്ക് ഭയമില്ലെന്നും നടപടി വേഗത്തിലാക്കണമെന്ന് ആര്‍ക്കും ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള 2014 ലെ കോടതി വിധിമറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉപാധികളോടെ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന വിജ്ഞാപനത്തെ ചോദ്യം ചെയ്ത് മൃഗസ്‌നേഹികളുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജി ഡിസംബര്‍ 7 ന് വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിയതാണ്. എന്നാല്‍ ഈ വര്‍ഷം ജല്ലിക്കെട്ട് നടത്താനാകുമോ എന്നറിയാന്‍ ശനിയാഴ്ചയ്ക്ക് മുന്‍പ് കേസില്‍ വിധിപ്രസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

അതേസമയം, കോടതിയുടെ മനസ് മാറ്റാന്‍ ആഭ്യര്‍ഥിക്കുന്നതായും തമിഴ്‌നാട്ടിലെ ഏതൊരാളും ഈ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എ.ഐ.എ.ഡി.എം.കെ വക്താവ് സി.ആര്‍ സരസ്വതി പ്രതികരിച്ചു. നിരോധനം മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.