ഈ ബസ് പാക്കിസ്ഥാനിലേക്കാണോ..ജനിച്ച നാട് വിട്ട് ഞാന്‍ പോണോ..? ഫാഷിസത്തിനെതിരെ കാസര്‍കോടിന്റെ തെരുവില്‍ നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍പോരാട്ടം

single-img
12 January 2017

കാസര്‍കോട്: ”ഞാന്‍ ഈ മണ്ണില്‍ ജനിച്ചവനാണ് …എന്നിട്ടും എന്നോട് ആരൊക്കെയോ പറയുന്നു, പാകിസ്താനിലേക്ക് പോകണമെന്ന് …നിങ്ങളും വരുന്നോ..?” തെരുവിലും ബസിലുമെല്ലാം അയാള്‍ ഉറക്കെ പറഞ്ഞു.യാത്രക്കാരും ജനങ്ങളും അമ്പരപ്പോടെ നോക്കി നിന്നു.സംവിധായകന്‍ കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന ബി.ജെ.പി.നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഒറ്റയാള്‍പ്പോരാട്ടവുമായി ചലച്ചിത്രതാരം അലന്‍ സിയര്‍ കലാപ്രകടനമായിരുന്നു അത്.കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലാണ് തെരുവുനാടക ശൈലിയില്‍ അലന്‍ സിയര്‍ പ്രതിഷേധിച്ചത്.

ദേശീയ മാനകങ്ങളെ അംഗീകരിക്കാനാവില്ലങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകുന്നതാണ് നല്ലതെന്ന ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം.ജനിച്ചുവീണ മണ്ണ് വിട്ട് പോകാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും രാജ്യം വിട്ടുപോകാന്‍ കല്പിക്കുന്നത് ഒരാളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെവിടെയായാലും തന്റെ പ്രതിഷേധം അറിയിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്റെ ഒറ്റയാള്‍ പോരാട്ടം ആദ്യം ആര്‍ക്കും തിരിച്ചറിയാനായില്ല.വലിയൊരു ആള്‍ക്കൂട്ടം ബസിനെ പൊതിഞ്ഞു.രഹസ്യപ്പൊലീസും കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പൊലീസ് വാഹനവും എത്തിയതിന് ശേഷമാണ് നടന്റെ കലാപ്രകടനമാണെന്ന് പൊതുജനം തിരിച്ചറിഞ്ഞത്.നടന്‍ അലന്‍സിയര്‍് കുപ്പായമിടാതെ ഒറ്റമുണ്ടുടുത്താണ് അപരിചിതനായ യാത്രക്കാരനായി ബസില്‍ കയറിയത്. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നിന്നാണ് യാത്രക്കാരനായി വേഷപ്പകര്‍ച്ച നടത്തി എകാംഗാവതരണം തുടങ്ങിയത്.

‘മഹേഷിന്റെ പ്രതികാരം’ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച തിരുവനന്തപുരം സ്വദേശിയായ അലന്‍സിയര്‍ കാസര്‍കോടിന്റെ പരിസരങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു. കേന്ദ്ര സര്‍വ കലാശാലയിലെ ഗവേഷക മനീഷ നാരായണന്‍ അഭിനേതാവിനെ കാണികള്‍ക്ക് പരിചയപ്പെടുത്തി. എസ്.എഫ്.ഐ ജില്ല സെക്രട്ടറി ബി. വൈശാഖ് അനുഗമിച്ചു. കേന്ദ്ര സര്‍വകലാശാല, കാസര്‍കോട് ഗവ. കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും കാഴ്ചക്കാരായി എത്തിയിരുന്നു

ദേശീയതയുടെ പേരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരോടും എഴുത്തുകാരോടും പാകിസ്താനിലേക്ക് നാടുകടക്കാന്‍ ആവശ്യപ്പെടുന്ന ഫാഷിസത്തിനെതിരായ കലാകാരന്റെ ഒറ്റയാള്‍ പ്രതിഷേധം വിത്യസ്തമായ തരത്തിലായിരുന്നു അദ്ദേഹം പൊതുസമൂഹത്തിലേക്ക് എത്തിച്ചത്.