അഞ്ചുവയസ്സുകാരിയുടെ മൃതദേഹവും ചുമന്ന് അച്ഛന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍, കണ്ണ് നനയിക്കും ഈ വീഡിയോ

single-img
7 January 2017

അംഗുല്‍(ഒഡിഷ):പൊന്നുമകളുടെ മൃതദേഹവും ചുമന്ന് ഈ അച്ഛന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍.ഒഡിഷയിലെ അംഗുല്‍ ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. ഗട്ടി ദിബാര്‍ എന്നയാള്‍ക്കാണ് അഞ്ചുവയസ്സുകാരിയുടെ മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടിവന്നത്.

കടുത്ത പനിയെ തുടര്‍ന്നാണ് ദിബാറിന്റെ മകള്‍ സുമിയെ അംഗുല്‍ ജില്ലയിലെ പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് കുട്ടി മരണപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാനുള്ള ഒരു സൗകര്യവും ആശുപത്രി അധികൃതര്‍ നല്‍കിയില്ല.മൃതദേഹം കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സേവനം ഉണ്ടെങ്കിലും ഇതേക്കുറിച്ച് ദിബാറിന് അറിവുണ്ടായിരുന്നില്ല കൈയില്‍ പണവും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍ ആശുപത്രി അധികൃതര്‍ കുട്ടിയുടെ മൃതദേഹം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതോടെ ഗട്ടിയുടെ മുന്നില്‍ മറ്റുവഴികളില്ലായിരുന്നു.

 

https://www.youtube.com/watch?v=jGh5SbaySic
ജനുവരി നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ മാനേജരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തതായി അംഗുല്‍ ജില്ലാ കളക്ടര്‍ അനില്‍ കുമാര്‍ സമല്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടിട്ടുണ്ടെന്നും ഇതിനുശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു

പണമില്ലാത്തതിനാല്‍ ദനാ മാജിയെന്ന കര്‍ഷകന് ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകള്‍ ചുമക്കേണ്ടിവന്ന സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം ദയനീയമായ ഇത്തരം കാഴ്ചകളാണ് എന്ന വലിയ സത്യത്തിലേക്ക് നാം കണ്ണ് തുറക്കണം.