തെങ്ങില്‍ കേറി പണി കിട്ടി.അലമുറയിട്ടു കരഞ്ഞു.ഒടുക്കം രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോയും.. ബംഗാളിയൊരു സംഭവം തന്നെ

single-img
7 January 2017

ആലപ്പുഴ: പണം കിട്ടാന്‍ ഏതു കുഴിയിലും ബംഗാളി ചാടും എന്നത് പൊതുവേ ഒരു ചൊല്ലാണ്.എന്നാല്‍ മരം കേറിയ ഈ ബംഗാളിക്ക് എട്ടിന്റെ
പണിയാണ് കിട്ടിയത്.

തെങ്ങുകയറ്റത്തിന് ആളെ കിട്ടാത്ത കാലത്ത്,കലവൂര്‍ പാര്‍ഥന്‍ കവലയിലുള്ള കാലക്കല്‍ പറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞ് തന്റെ പുരയിടത്തിലെ തേങ്ങയിടാന്‍ ബംഗാളിയെ കൊണ്ടുവന്നു.കടയില്‍ ജോലി ചെയ്യുന്ന ബംഗാളിലെ ജാര്‍ബാല്‍ ഗുപ്പത്ത് സ്വദേശി യായ അശ്രുവെന്ന മുപ്പതുകാരന്‍ ഒരു ധൈര്യത്തിനാണ് തേങ്ങയിടാന്‍ തെങ്ങില്‍ കയറിയത്.മുകളില്‍ ചെന്ന് താഴേക്ക് നോക്കിയപ്പോള്‍ പേടിയും പരിഭ്രമവുമായി. നെഞ്ചിടിപ്പ് കൂടിയപ്പോള്‍ തന്നെ രക്ഷിക്കണമെന്ന് കരഞ്ഞുകൊണ്ട് വിളിച്ച് പറഞ്ഞു. നാട്ടുകാര്‍ പതുക്കെ ഇറങ്ങാന്‍ ധൈര്യം പകര്‍ന്നെങ്കിലും ചവിട്ടിയ ഓല അടര്‍ന്നതോടെ പേടിച്ചുവിറച്ച് അവശനായി. പിന്നീട് ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. ലാഡര്‍ വെച്ച് മുകളില്‍ ചെന്ന സേനാഗംങ്ങള്‍ അശ്രുവിനെ ആശ്വസിപ്പിച്ച് ധൈര്യം പകര്‍ന്നു. അതിനിടയിലും കീഴ്പോട്ട് നോക്കിയ അശ്രുവിന്റെ കൈകാലുകള്‍ വിറച്ചു. ഒടുവില്‍ ഫയര്‍ഫോഴ്സ് സുരക്ഷാ റോപ്പ് കെട്ടി ലാഡറിലൂടെ അതിസാഹസികമായി താഴെയെത്തിച്ചു.

തെങ്ങില്‍ നിന്നും താഴെയിറങ്ങിയപ്പോള്‍ അശ്രുവിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.ജീവന്‍ രക്ഷിച്ച ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്ന ആഗ്രഹവും അവര്‍ സാധിച്ചു കൊടുത്തു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്സ്.സതീശന്‍, ഫയര്‍മാന്‍മാരായ എസ്സ്.കെ സലിംകുമാര്‍, കെ.സതീഷ് കുമാര്‍, വി.ആര്‍ .ബിജു, വി.ഡി ഉല്ലാസ്, എം.ജെ ദീപു, വി.എന്‍ വിപിന്‍ എന്നിവരും ഡ്രൈവര്‍മാരായ ഷിബു, ഷാജി, രാജേഷ് മോന്‍, എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.