പുതിയ സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ, ശത്രുരാജ്യങ്ങളുടെ ആയുധ കേന്ദ്രങ്ങള്‍ മിന്നല്‍ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ക്കാകും.

single-img
7 January 2017

സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ.കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി വ്യോമസേന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അനുമതി കിട്ടിയാലുടന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡാണ് സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ നിര്‍മിക്കുക.

സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ക്ക് 25 ടണ്ണായിരിക്കും ഭാരം. 2800 കിലോമീറ്ററാണ് ഇവയുടെ പരിധി. റഡാറുകളെ കബളിപ്പിക്കാനുള്ള ശേഷിയാണ് ഈ സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങളുടെ പ്രത്യേകത. ഇരട്ട എന്‍ജിനുകളുള്ള യുദ്ധവിമാനം അമേരിക്കന്‍ റാപ്ടറ്റര്‍ 22, എഫ്35, ചൈനയുടെ ജെ 20, ജെ31 എന്നിവയ്ക്കൊപ്പം കിടപ്പിടിക്കുമെന്നു പ്രതീക്ഷിക്കുന്നു.വലിയ യുദ്ധങ്ങളുടെ ആദ്യ ദിവസങ്ങളില്‍ ഇത്തരം അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍ണായകമാകും. ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാനമായ റോഡ്, റെയില്‍, വിമാനത്താവളങ്ങളും ആയുധ കേന്ദ്രങ്ങളും മിന്നല്‍ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ക്കാകും.

കഴിഞ്ഞ എയറോ ഇന്ത്യ എക്സിബിഷനില്‍ ഈ യുദ്ധവിമാനത്തിന്റെ മാതൃക എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി പ്രദര്‍ശിപ്പിച്ചിരുന്നു. എച്ച്എഎല്ലിന് 40 തേജസ് യുദ്ധവിമാനങ്ങളും 83 എല്‍സിഎ മാര്‍ക്1എ വിമാനങ്ങളും നിര്‍മിച്ചു നല്‍കാനുള്ള നിര്‍ദ്ദേശം വ്യോമസേന നല്‍കി കഴിഞ്ഞു.

ഇറക്കുമതി ചെയ്യുന്ന യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും സേനക്കും ആവശ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇതിനൊപ്പം 83 എല്‍സിഎ മാര്‍ക്1എ വിമാനങ്ങളുടെ നിര്‍മാണത്തില്‍ മാത്രം രാജ്യത്തിന് അരലക്ഷം കോടിയുടെ ലാഭമുണ്ടാക്കികൊടുക്കാന്‍ എച്ച്എഎല്ലിന് കഴിഞ്ഞു.