സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടില്ല;അഖിലേഷ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക്.

single-img
6 January 2017

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് നീങ്ങാനുള്ള അവസാനവട്ട ശ്രമവും പരാജയപ്പെട്ടതോടെ സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ അഖിലേഷ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അഖിലേഷ് തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നാണ് സൂചന. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരും യുവമുഖ്യമന്ത്രിക്ക് ഒപ്പമാണെന്നതാണ് അഖിലേഷ് പക്ഷത്തിന്റെ ആത്മവിശ്വാസത്തിന് കാരണം.

അഖിലേഷ്, മുലായം വിഭാഗങ്ങള്‍ പിളര്‍പ്പിന്റെ വക്കിലെത്തിയതോടെയാണു. സഖ്യത്തിനായി കോണ്‍ഗ്രസ് വാതില്‍ തുറന്നിട്ടത്. അതേസമയം, മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ അഖിലേഷ്, മുലായം വിഭാഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വെവ്വേറെ മല്‍സരിച്ചേക്കും. പാര്‍ട്ടിയുടെ 229 എംഎല്‍എമാരില്‍ 214 പേരും തന്റെ പക്ഷത്താണെന്നാണ് അഖിലേഷിന്റെ വാദം.

അഖിലേഷിന്റെ പ്രവര്‍ത്തനമികവിനെ പ്രശംസിച്ച് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാ ദിക്ഷിത് രംഗത്ത് വന്നത് ഇതിന്റെ സൂചനയായിരുന്നു. സഖ്യമുണ്ടായാല്‍ അഖിലേഷായിരിക്കും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെന്നും ഷീല ദിക്ഷിത് വ്യക്തമാക്കിയിരുന്നു. അതേസമയം, അഖിലേഷിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും 212 എംഎല്‍എ മാര്‍ പിന്തുണയറിയിച്ച് കത്ത് നല്‍കിയെന്നും രാംഗോപാല്‍ യാദവ് വ്യക്തമാക്കി.

ഫെബ്രുവരി, മാര്‍ച്ച് മാസത്തിലെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ തനിക്ക് പാര്‍ട്ടിയുടെ നിയന്ത്രണം നല്‍കണമെന്നും സമാജ്‌വാദി പാര്‍ട്ടി വീണ്ടും അധികാരത്തിലേറിയ ശേഷം നേതാജിക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാമെന്നുമാണ് അഖിലേഷ് പറയുന്നതെന്ന് മന്ത്രിമാരില്‍ ചിലര്‍ പറയുന്നു.

അതിനിടെ, അസംഖാന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വവും ചിഹ്നവും ആര്‍ക്ക് അനുവദിക്കുമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. നേരത്തെ പാര്‍ട്ടി ചിഹ്നത്തിന് അവകാശം ഉന്നയിച്ച് മുലായവും അഖിലേഷും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. പിന്തുണ തെളിയിക്കാന്‍ ഇരുപക്ഷത്തോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.