അരവിന്ദ് കെജ്‌രിവാളിനെ കുടുക്കിയാല്‍ വെറുതെ വിടാമെന്ന് സിബിഐ ഉറപ്പു നല്‍കിയതായി ഐഎഎസ് ഉദ്യോഗസ്ഥന്‍, സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കലിന് നല്‍കിയ അപേക്ഷയിലാണ് വെളിപ്പെടുത്തൽ.

single-img
6 January 2017

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ കുടുക്കിയാല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര കുമാര്‍ വെറുതെ വിടാമെന്ന് സിബിഐ ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ട്. അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന രാജേന്ദ്ര കുമാര്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കലിന് നല്‍കിയ അപേക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയുടെ പീഡനത്തെ കുറിച്ച് പറഞ്ഞത്.

രാജേന്ദ്ര കുമാര്‍ ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് വിആര്‍എസ് ആവശ്യപ്പെട്ട് അയച്ച കത്തിലാണ് അതീവ ഗുരുതരമായ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിനും സിബിഐക്കും എതിരായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥിനില്‍ നിന്നും ഉയരുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ നടത്തിയ അറസ്റ്റും പിന്നീടുണ്ടായ പീഡനങ്ങളും മനസ് മടുപ്പിച്ചെന്നാണ് രാജേന്ദ്ര കുമാര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്.
2015 ഡിസംബറിലാണ് രാജേന്ദ്ര കുമാറിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ രാഷ്ട്രീയ നിഷ്പക്ഷത മൂലം കനത്ത വിലയാണ് നല്‍കേണ്ടിവന്നതെന്നും കത്തില്‍ അദ്ദേഹം പറയുന്നുണ്ട്.

ആരോപണങ്ങള്‍ പുറത്തുവന്നതോടെ ട്വിറ്ററിലൂടെ നരേന്ദ്ര മോഡിക്കെതിരെ അരവിന്ദ് കെജരിവാളിന്റെ പരിഹാസവുമെത്തി. എന്തിനാണ് ഞങ്ങളെ താങ്കളിത്ര ഭയക്കുന്നത് മോഡിജി, എന്നാണ് കെജരിവാളിന്റെ ചോദ്യം.