പാര്‍ട്ടിയില്‍ ആധിപത്യം തനിക്ക് തന്നെ;മുലായം പക്ഷം പുറത്താക്കിയവരെ തിരിച്ചെടുത്ത് അഖിലേഷ് യാദവ്

single-img
5 January 2017

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനോടു കൂറു പുലര്‍ത്തിയതിനെത്തുടര്‍ന്നു പാര്‍ട്ടിയുടെ നാല് ജില്ലാ പ്രസിഡന്റുമാരെ സ്ഥാനത്തുനിന്നു മാറ്റിയ നടപടി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പിന്‍വലിച്ചു. അഖിലേഷിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷനായിരുന്ന അമ്മാവന്‍ ശിവ്പാല്‍ സിങ് യാദവാണു പാര്‍ട്ടിയുടെ നാല് ജില്ലാ പ്രസിഡന്റുമാരെ സ്ഥാനത്തുനിന്നു മാറ്റിയത്.

ഡിയോറ ജില്ലാ പ്രസിഡന്റ് റാം ഇഖ്ബാല്‍, കുഷിനഗര്‍ പ്രസിഡന്റ് അബാധ് യാദവ്, അസംഗഢ് പ്രസിഡന്റ് ഹവല്‍ദാര്‍ യാദവ്, മിര്‍സാപൂര്‍ പ്രസിഡന്റ് ആശിഷ് യാദവ് എന്നിവരെയാണ് തിരിച്ചെടുത്തത്. പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ഇവരോടെ ആവശ്യപ്പെട്ടു.

അഖിലേഷിനാണ് പാര്‍ട്ടിയില്‍ സ്വാധീനമെന്ന് തെളിയിക്കുന്നതാണ് ഭിന്നിപ്പിന് ശേഷമുണ്ടായ നടപടികളെല്ലാം. പാര്‍ട്ടി അധ്യക്ഷനായിരുന്ന മുലായം സിങ് യാദവിനും സഹോദരന്‍ ശിവ്പാല്‍ സിങ് യാദവിനും ഒപ്പം വളരെ കുറച്ചുപേരുടെ മാത്രമാണ് പിന്തുണയുള്ളത്.

ജനുവരി ഒന്നിന് മുലായത്തിന്റെ സഹോദരനായ ശിവ്പാല്‍ യാദവിനെ മാറ്റി ഉത്തര്‍പ്രദേശ് ഘടകത്തിന്റെ അധ്യക്ഷനായി നരേഷ് ഉത്തമിനെ അഖിലേഷ് യാദവ് നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഖിലേഷ് അനുയായികള്‍ പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുക്കുകയും അധ്യക്ഷനായിരുന്ന ശിവ്പാലിന്റെ മുറിക്കു പുറത്ത് പദവി സൂചിപ്പിക്കുന്ന നെയിംപ്ലേറ്റ് എടുത്തുമാറ്റുകയും ചെയ്തിരുന്നു.