ഞങ്ങള്‍ക്കും നിറമുള്ള സ്വപ്‌നങ്ങളുണ്ട്,സ്വതന്ത്രമാക്കൂ ഞങ്ങളെ.. പുരുഷമേധാവിത്വത്തിനെതിരെ സൗദി സ്ത്രീകളുടെ ഗാനം വൈറലാകുന്നു

single-img
5 January 2017

വസ്ത്രധാരണത്തിലും പൊതുസ്ഥലങ്ങളിലൂടെയുള്ള സഞ്ചാരത്തിലും സൗദിഅറേബ്യ സ്ത്രീകള്‍ക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. സ്ത്രീകളോടുള്ള സമീപനത്തില്‍ കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ പുലര്‍ത്തുന്ന രാജ്യമാണ് സൗദി.

കഴിഞ്ഞ ദിവസം പുറത്തെത്തിയ ഹുവാജിസ് എന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.നൃത്തം ചെയ്യുന്ന, പാട്ടു പാടുന്ന, സ്‌കേറ്റ് ബോര്‍ഡിലൂടെ നീങ്ങുകയും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന സൗദി സ്ത്രീകളാണ് ഈ വീഡിയോയില്‍.നിറമുള്ള കുപ്പായവും ഹിജാബും ധരിച്ചാണ് ഇവര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന് അതിര്‍ത്തി നിര്‍ണയിക്കുന്ന, പുരുഷ മേധാവിത്വത്തിനെതിരെയുള്ളതാണ് ഗാനത്തിലെ വരികള്‍. ‘പുരുഷന്മാരുടെ കൈകളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ, പുരുഷന്മാര്‍ ഞങ്ങളെ മാനസികരോഗികളാക്കുന്നൂ’ എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍.

മജീദ് അല്‍ ഇസയാണ് സംവിധായകന്‍. ഡിസംബര്‍ 23 ന് യുട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഈ വീഡിയോ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും വന്‍സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിട്ടുള്ളത്.

സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വപ്‌നങ്ങളുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു.പുരുഷന്റെ അടിമത്തത്തില്‍ നിന്നും സ്വതന്ത്രമാകാന്‍..സ്വപ്‌നങ്ങളിലേക്ക് പറക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതിന്റെ മുന്നോടിയാണ് ഈ വീഡിയോ.