ഒറ്റ വിക്ഷേപണത്തില്‍ 103 ഉപഗ്രഹങ്ങള്‍ അയച്ച് ചരിത്രം കുറിക്കാന്‍ ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നു

single-img
5 January 2017

തിരുപ്പതി: ഐ.എസ്.ആര്‍.ഒ. പുതിയയൊരു ചരിത്രം കുറിക്കാന്‍ തയ്യാറാവുകയാണ്. 103 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രമാവാനാണ് ഐ.എസ്.ആര്‍.ഒ.യുടെ പദ്ധതി. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പദ്ധതിയില്‍ പി.എസ്.എല്‍.വി. സി37, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. യു.എസ്., ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

ആന്ധപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ഫെബ്രുവരിയില്‍ വിഷേപിക്കാനാണ് തീരുമാനം.ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ നടന്നുവരുന്ന ശാസ്ത്രമേളയിലാണ് ഐ.എസ്.ആര്‍.ഒ. ഇക്കാര്യം അറിയിച്ചത്. നൂറിലധികം ഉപഗ്രഹങ്ങള്‍ അയച്ച് സെഞ്ച്വറി നേടുകയാണ് ലക്ഷ്യമെന്ന് ഐ.എസ്.ആര്‍.ഒ., ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ സോംനാഥ് പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിലെ വലിയ നേട്ടമായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ 83 ഉപഗ്രഹങ്ങളുമായി ഡിസംബര്‍ 26നാണ് വിക്ഷേപണം പദ്ധതിയിട്ടിരുന്നത്. 80 ഉപഗ്രഹങ്ങളുമായി ജനുവരി അവസാന ആഴ്ചയിലും പദ്ധതിയിട്ടിരുന്നു. പിന്നീട് ഉപഗ്രഹങ്ങളുടെ എണ്ണം 103 ആയി വര്‍ധിച്ചതോടെ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. 100 മൈക്രോ ഉപഗ്രഹങ്ങളെ ചേര്‍ത്ത് ഒരു പി.എസ്.എല്‍.വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) C37 ഉപയോഗിച്ച് ആരംഭിക്കാണ് പദ്ധതി. ഭാരം 1350 കിലോ ആയിരിക്കും. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചയച്ച് ഐ.എസ്.ആര്‍.ഒ. ചരിത്രം സൃഷ്ടിച്ചിരുന്നു.