ഡല്‍ഹിയില്‍ 13 വയസുകാരിയെ പൊതുശുചിമുറിയില്‍ കൂട്ടബലാല്‍സംഗം ചെയ്തു

single-img
5 January 2017

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തീര്‍ന്നിട്ടില്ല.ഡല്‍ഹിയിലെ ആനന്ദ്പര്‍ബതിലെ താല്‍ക്കാലിക താമസ കേന്ദ്രത്തിലെ പൊതു ശുചിമുറിയില്‍ 13 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. നഗരത്തിലെ കലാകോളനിയായ കട്പുത്ലിയിലെ നവീകരണത്തിന്റെ ഭാഗമായി ഇവിടത്തെ താമസക്കാരെ ആനന്ദ് പര്‍ബതിലെ താല്‍ക്കാലിക കേന്ദ്രത്തിലേക്കു മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിലൊരു കുടുംബത്തിലെ പെണ്‍കുട്ടിയാണു പീഡനത്തിനിരയായത്.

ഡിസംബര്‍ 31 നാണ് സംഭവം നടന്നത്. പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേക്കു പോയ പെണ്‍കുട്ടി പൊതു ശുചിമുറിയില്‍ കയറിയപ്പോഴാണ് മൂന്നു യുവാക്കള്‍ ചേര്‍ന്നു പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയത്. പ്രതികളും കട്പുത്ലി കോളനിയില്‍ നിന്നു മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരാണ്. ഇവരില്‍ രണ്ടു പേര്‍ തങ്ങള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനില്‍ ഒരാള്‍ക്ക് 21 വയസ്സുണ്ടെന്ന് കണ്ടെത്തി.