ലാവലിന്‍ പുനപരിശോധനാ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും; പിണറായിയെ വെറുതെ വിട്ടത് റദ്ദാക്കണമെന്ന് ആവശ്യം

single-img
4 January 2017

കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി അന്തിമ വാദത്തിനായി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ പിണറായി വിജയനേയും കൂട്ടു പ്രതികളേയും വിചാരണ കൂടാതെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നാണ് കേന്ദ്ര ഏജന്‍സിയുടെ ആവശ്യം. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഉത്തരവിന് എതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുക.

ജസ്റ്റിസ് പി ഉബൈദാണ് കേസില്‍ വാദം കേള്‍ക്കുന്നത്, നേരത്തെ ജസ്റ്റിസ് ബി കമാല്‍ പാഷ ആയിരുന്നു കേസ് പരിഗണിക്കാനായി സമയക്രമം പ്രഖ്യാപിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറിയതോടെ പുതിയ ബെഞ്ചിലേക്ക് കേസ് എത്തുകയായിരുന്നു.

ലാവലിന്‍ കേസില്‍ ഇനിയുളള ഹൈക്കോടതി നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ കരുതലോടെയാണ് പാര്‍ട്ടിയും നേതാക്കളും മുന്നോട്ടുനീങ്ങുന്നത്. ജസ്റ്റീസ് പി ഉബൈദിന്റെ ബെഞ്ച് 302 മത് ഐറ്റമായിട്ടാണ് ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കുന്നത്.

ഈ മാസം നാലു മതല്‍ 12 വരെ തുടര്‍ച്ചയായി റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ച ജസ്റ്റീസ് കെമാല്‍ പാഷ പറഞ്ഞത്. എന്നാല്‍ അവധിക്ക് ശേഷം ബെഞ്ച് മാറ്റം ഉണ്ടായതോടെയാണ് ജസ്റ്റീസ് പി.ഉബൈദിന്റ പരിഗണനക്ക് എത്തിയത്. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി നടപടി നിലനില്‍ക്കുമോയെന്ന് നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തില്‍ ജസ്റ്റീസ് പി. ഉബൈദ് സംശയം പ്രകടിപ്പിച്ചിരുന്നു.

കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി റദാക്കിയാല്‍ ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രതിപ്പട്ടികയിലെത്തും എന്നതാണ് സി പി എം കേന്ദ്രങ്ങളെ വേവലാതിപ്പെടുത്തുന്നത്. പിണറായി വിജയനു വേണ്ടി അഡ്വ എം കെ ദാമോദരനും സിബിഐക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജനുമാണ് ഹാജരാകുന്നത്.