മരിച്ചുപോയ മകളുടെ പേരില്‍ അമ്മയ്ക്ക് വേണ്ടി കത്തെഴുതി ബിജെപിയുടെ വോട്ട് പിടിത്തം; ഉപതെരഞ്ഞെടുപ്പില്‍ തരംതാണ തന്ത്രങ്ങളുമായി ബിജെപി

single-img
4 January 2017

 

കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷന്‍ കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നാണംകെട്ട തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. കോകിലയുടെ അമ്മ ബി ഷൈലജയാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

അപകടത്തില്‍ കോകിലയുടെ അച്ഛനും മരിച്ചിരുന്നു. താനും അച്ഛനും നഷ്ടപ്പെട്ട അമ്മയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നാണ് കത്തില്‍ പറഞ്ഞു വയ്ക്കുന്നത്. ‘എന്റെ പ്രിയ കുടുംബാംഗമേ’ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. നിങ്ങളെ സേവിക്കാന്‍ നിങ്ങള്‍ നല്‍കിയ അവസരം പൂര്‍ത്തീകരിക്കാന്‍ കാലം എന്നെ അനുവദിച്ചില്ലെന്നും അതിന് തന്റെ അമ്മയെ അനുവദിക്കണമെന്നുമാണ് കോകിലയുടെ പേരില്‍ പ്രചരിക്കുന്ന കത്തില്‍ ആവശ്യപ്പെടുന്നത്.

ജനപ്രതിനിധികള്‍ മരണപ്പെട്ടാല്‍ ബന്ധുക്കളെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് സഹതാപ തരംഗത്തിലൂടെ വോട്ട് നേടാന്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്രമാത്രം തരംതാണ പ്രചരണ വിദ്യകള്‍ ഉപയോഗിക്കാന്‍ ബിജെപി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയും ഇന്നേവരെ ശ്രമിച്ചിട്ടില്ല. അതേസമയം കത്തിലെ വരികള്‍ അമ്മയെയും മകളെയും അപമാനിക്കുന്നതാണെന്നും അമ്മ അറിയാതെയായിരിക്കും മകളുടെ പേരിലുള്ള കത്ത് പ്രചരിപ്പിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.