ശബരിമല സന്ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ്; ഇതുവരെ സേവനം പ്രയോജനപ്പെടുത്തിയത് 16 ലക്ഷത്തിലധികം ആളുകള്‍

single-img
3 January 2017

 

സന്നിധാനം: ഇത്തവണ അയ്യപ്പന്മാര്‍ക്ക് ശബരിമല ദര്‍ശനം സുഗമമാക്കുന്നതിന് കേരള പോലീസ് ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് വഴി മണ്ഡലകാലത്ത് ഇതുവരെ ബുക്ക് ചെയ്തത് 16 ലക്ഷത്തിലേറെപ്പേര്‍. ഇതില്‍ 7,82,849 പേരാണ് ബുധനാഴ്ച വരെ വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നേടിയത്. തീര്‍ത്ഥാടനം ആരംഭിച്ച ശേഷം പമ്പയിലും സന്നിധാനത്തുമുള്ള തിരക്ക് കൂടി പരിഗണിച്ചാണ് ബുക്കിംഗ് അനുവദിക്കുന്നത്.

ആന്ധ്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കൂടുതലും ഉപയോഗപ്പെടുത്തിയത്. ബുക്കിങ് അനുവദിച്ച ദിവസം തന്നെ എത്തിച്ചേരണമെന്ന നിബന്ധന പാലിക്കാത്തവരെ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശിപ്പിക്കില്ല. പോലീസ് ബറ്റാലിയന്‍ എഡിജിപിയുടെ മേല്‍നോട്ടത്തില്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയ്ക്കാണ് വിര്‍ച്വല്‍ ക്യൂവിന്റെ ചുമതല. ഈ മാസം 12 വരെ www.sabarimalaq.com എന്ന വെബ്പോര്‍ട്ടല്‍ വഴി ഈ സംവിധാനം തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുത്താം.

വിര്‍ച്വല്‍ ക്യൂ കൂപ്പണുമായി പമ്പയിലെ വെരിഫിക്കേഷന്‍ സെന്ററില്‍ എത്തി ബുക്കിംഗ് തിയതി കണ്‍ഫേം ചെയത് പാസ് വാങ്ങിയ ശേഷമാണ് തീര്‍ത്ഥാടകര്‍ മലകയറ്റം തുടങ്ങേണ്ടത്. മരക്കൂട്ടം ചന്ദ്രാനന്ദന്‍ റോഡ് വഴി നടപ്പന്തലില്‍ എത്താമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിനൊപ്പം ശബരിമല തീര്‍ഥാടകര്‍ക്കായി കേരള പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനും ഇക്കുറി വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

സന്നിധാനത്ത് ദര്‍ശനത്തിനായി തല്‍സമയം വേണ്ടിവരുന്ന കാത്തിരിപ്പു സമയം, പമ്പയിലെ വിവിധ പാര്‍ക്കിംഗ് സ്ഥലങ്ങളിലെ തല്‍സമയ ലഭ്യത, പമ്പയിലെയും സന്നിധാനത്തെയും കാലാവസ്ഥ, ശബരിമല റൂട്ട് മാപ് എന്നിവയും മൊബൈല്‍ ആപ്പില്‍ ലഭിക്കും. അടുത്തുള്ള ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നീ വിവരങ്ങളും ആപ്പ് വഴി അറിയാം.