ദക്ഷിണ കന്നടജില്ല കത്തിക്കുമെന്ന്; വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപിക്കെതിരെ കേസെടുത്തു

single-img
3 January 2017

 

ദക്ഷിണ കന്നട ജില്ല കത്തിക്കുമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ കര്‍ണാടക ബിജെപി എംപി നളിന്‍ കുമാര്‍ കത്തീലിനെതിരെ പൊലീസ് കേസെടുത്തു. പ്രാദേശിക ബിജെപി നേതാവിന്റെ മകന്‍ കാര്‍ത്തിക് രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധപരിപാടിയിലായിരുന്നു എംപിയുടെ വിദ്വേഷ പ്രസംഗം. കോജെ പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധ പരിപാടി.

നളിന്‍ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മംഗളൂരു പൊലീസ് അന്വേഷണം നടത്തുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കാര്‍ത്തിക് രാജിനെ അജ്ഞാതര്‍ ചേര്‍ന്ന് ആക്രമിച്ചത്. ബംഗളൂരു താലൂക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഉമേഷ് ഗാനിഗയുടെ മകനാണ് കാര്‍ത്തിക്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പത്ത് ദിവസത്തിനുള്ളില്‍ കുറ്റവാളികളെ പിടികൂടണമെന്നാണ് നളിന്‍ കുമാര്‍ പോലീസിന് നല്‍കിയ മുന്നറിയിപ്പ്. ‘പത്ത് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് കുറ്റവാളികളെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ ദക്ഷിണ കന്നഡ ജില്ല കത്തിച്ചുകളയും’ എന്നാണ് നളിന്‍ കുമാറിര്‍ പറഞ്ഞിരുന്നത്.